Quantcast

എ.കെ.ജി സെന്‍റർ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല.

MediaOne Logo

Web Desk

  • Published:

    1 July 2022 7:38 AM GMT

എ.കെ.ജി സെന്‍റർ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്
X

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിനു നേരെയുണ്ടായ ബോംബാക്രമണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല.

ബോംബേറ് നടത്തിയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എകെജി സെന്‍ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറും പ്രതികരിച്ചു.

സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ മടങ്ങിയ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

എകെജി സെന്ററിൽ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സിസിടിവി പൊലീസ് പരിശോധിക്കും. പ്രതി ബൈക്കിൽ എകെജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പരിശോധന നടത്തി. അതിനുശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തിൽ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിച്ചു. ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യയും സ്ഥലം സന്ദർശിച്ചു.

TAGS :

Next Story