Quantcast

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വർധിക്കുന്നതായി പരാതി

കോഴിക്കോട് കേന്ദ്രീകരിച്ചു സ്വർണം കടത്തിയിരുന്ന ചില സംഘങ്ങൾ കണ്ണൂരിലേക്ക് മാറിയതും കണ്ണൂർ - മാഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പുതിയ സംഘങ്ങൾ ഉദയം ചെയ്തതുമാണ് ഈ വർധനവിന് കാരണം

MediaOne Logo

Web Desk

  • Published:

    27 Jun 2021 2:56 AM GMT

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വർധിക്കുന്നതായി പരാതി
X

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വർധിക്കുന്നതായി പരാതി. കഴിഞ്ഞ വർഷം മാത്രം 55 കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഞ്ച് മാസത്തിനിടെ ഒൻപതര കിലോ സ്വർണമാണ് പിടികൂടിയത്. കണ്ണൂർ - മാഹി കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.

2018 ഡിസംബർ 9 നായിരുന്നു കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്‌ഘാടനം. പിറ്റേ വർഷം മാർച്ച്‌ വരെ കണ്ണൂരിൽ നിന്നും കസ്റ്റമസ് ആകെ പിടിച്ചത് മൂന്നര കിലോ സ്വർണം മാത്രമാണ്. തൊട്ടടുത്ത വർഷം അത് 47.12 kg ആയി ഉയർന്നു. ആദ്യ വർഷം കേവലം ഒരു കേസ് മാത്രമാണ് കസ്റ്റമസ് രജിസ്റ്റർ ചെയ്തതെങ്കിൽ പിറ്റേ വർഷം അത് 64 ആയി. 2020-21 വർഷത്തിൽ ആകെ പിടിച്ചെടുത്തത് 55.551 കിലോ ഗ്രാം സ്വർണ്ണമാണ്. അറസ്റ്റിൽ ആയത് 58 പേരും. ഈ വർഷം ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മാത്രം 9.212 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തു കഴിഞ്ഞു. അതായത് കണ്ണൂർ വഴിയുള്ള സ്വർണ കടത്തിന്റെ ഗ്രാഫ് ഓരോ വർഷവും കുത്തനെ ഉയരുന്നു എന്നർത്ഥം.

കോഴിക്കോട് കേന്ദ്രീകരിച്ചു സ്വർണം കടത്തിയിരുന്ന ചില സംഘങ്ങൾ കണ്ണൂരിലേക്ക് മാറിയതും കണ്ണൂർ - മാഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പുതിയ സംഘങ്ങൾ ഉദയം ചെയ്തതുമാണ് ഈ വർധനവിന് കാരണം. കണ്ണൂരിലെ സ്വർണ കടത്തിന് വിമാന താവളത്തിനുള്ളിലും പുറത്തും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായും പരാതി ഉയർന്നിരുന്നു.കണ്ണൂർ കേന്ദ്രീകരിച്ചു വളർന്ന് വരുന്ന രാഷ്ട്രീയബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങൾ ആണ് ഇത്തരം ഇടപാടുകൾക്ക് പിന്നിലെന്നതും ഏറെ കാലമായി ഉയർന്നു കേൾക്കുന്ന പരാതി ആണ്

TAGS :

Next Story