എറണാകുളം ജില്ലയിൽ ലീഗ് പിളർപ്പിലേക്ക്; ആലുവയിൽ വിമത കൺവെൻഷൻ നടത്താന്‍ തീരുമാനം
ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ അഹമ്മദ് കബീർ ഗ്രൂപ്പിനാണ് ഭൂരിപക്ഷം
കൊച്ചി: എറണാകുളം ജില്ലയിൽ മുസ്‍ലിം ലീഗ് പിളർപ്പിലേക്ക്. വിഭാഗീയത രൂക്ഷമായിരിക്കെ ജില്ലാ പ്രസിഡന്‍റായിരുന്ന ഹംസ പാറക്കാട്ടിനെ പുറത്താക്കിയ സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിക്കെതിരെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും രംഗത്തെത്തി. ഞായറാഴ്ച ആലുവയിൽ വിമത കൺവെൻഷൻ നടത്താനാണ് തീരുമാനം.
ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ ഗ്രൂപ്പുകൾ പോരടിക്കുന്ന എറണാകുളം ജില്ലയിൽ അഹമ്മദ് കബീർ ഗ്രൂപ്പിനാണ് ഭൂരിപക്ഷം. എന്നാൽ ഈ ഭൂരിപക്ഷം മാനിക്കാതെ ഇബ്രാഹിം കുഞ്ഞ് ഗ്രൂപ്പിന് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം നൽകിയ സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇതിനു പിറകെ ജില്ലാ കൗൺസിലിലെ ഭൂരിപക്ഷം നോക്കാതെ ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തതിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. കോടതിവിധി വരാനിരിക്കുകയാണ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഹംസ പാറക്കാട്ടിനെ സംസ്ഥാന നേതൃത്വം തിരക്കിട്ട് പുറത്താക്കിയത്.
ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന പേരിലായിരുന്നു ഇത്. സംസ്ഥാന നേതൃത്വത്തിന്‍റെ ഈ നടപടിക്കെതിരെ ഒരു വിഭാഗം വിമതയോഗം ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഹംസ പാറക്കാട്ടിനെ പുറത്താക്കിയ നടപടി യു.ഡി.എഫിനെ ദുർബലപ്പെടുത്തി എൽ.ഡി.എഫിനെ സഹായിക്കാൻ ആണെന്ന് യോഗത്തിൽ ആക്ഷേപം ഉയർന്നു. ജില്ലയിൽ യുഡിഎഫിന്റെ വിജയത്തിനായി പ്രത്യേക കൺവെൻഷനുകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഞായറാഴ്ച വിമത കൺവെൻഷൻ നടത്താനും ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, എസ് ടി യു നേതാക്കൾ പങ്കെടുത്ത യോഗം തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16