പങ്കാളി അഫീഫയെ കാണാനില്ല; ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്ത് സുമയ്യ
ഇന്ന് ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി പരിഗണിച്ചെങ്കിലും അഫീഫയെ വീട്ടുകാര്‍ ഹാജരാക്കിയില്ല
കൊച്ചി: ലെസ്ബിയന്‍ ദമ്പതികളിലൊരാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പങ്കാളിയെ കോടതിയില്‍ ഹാജരാക്കാതെ കുടുംബം. കൂടെ ജീവിക്കുന്ന കൂട്ടുകാരി അഫീഫയെ കുടുംബം തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് മലപ്പുറം സ്വദേശി സുമയ്യ ഷെറിനാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്ലസ് ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. കഴിഞ്ഞ നാല് മാസമായി എറണാകുളം പുത്തന്‍കുരിശില്‍ താമസിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കടയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കൂട്ടുകാരി അഫീഫയെ വീട്ടുകാരിടപെട്ട് ബലമായി കാറില്‍ പിടിച്ചുകൊണ്ടുപോകുന്നത്. അഫീഫയുടെ ബന്ധുക്കള്‍ തന്നെയാണ് കൊണ്ടുപോയതെന്നാണ് സുമയ്യ പറയുന്നത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തില്‍ കോടതിയില്‍ ഹാജരാക്കണമെന്നും സുമയ്യ പറയുന്നു. നിലവില്‍ വനജ കലക്ടീവിന്‍റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്ന് സുമയ്യ പറഞ്ഞു.
ഇന്ന് ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി പരിഗണിച്ചെങ്കിലും അഫീഫയെ വീട്ടുകാര്‍ ഹാജരാക്കിയില്ല. 10 ദിവസത്തിന് ശേഷം ഹാജരാക്കാമെന്നാണ് കുടുംബം കോടതിയെ അറിയിച്ചത്. അതെ സമയം അഫീഫയെ ഹാജരാക്കിയാല്‍ വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് സുമയ്യ പറഞ്ഞു. ഏറെ വിവാദമുണ്ടാക്കിയ ആദില-നൂറ സംഭവത്തിന് ശേഷം ഇതാദ്യമായാണ് ഹൈക്കോടതിയില്‍ ഇത്തരമൊരു കേസ് എത്തുന്നത്.
Adjust Story Font
16