'പൊടുന്നനെയുള്ള വെളിപ്പെടുത്തലുകൾ ആരെ സഹായിക്കാനെന്നത് ആശങ്കയുണ്ടാക്കുന്നു'; ശ്രീലേഖയുടെ പ്രസ്താവന ഉചിതമല്ലെന്ന് വനിതാകമ്മീഷൻ അധ്യക്ഷ
'അന്വേഷണത്തിലിരിക്കുന്ന കേസിൽ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല'
കൊച്ചി: മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവന ഉചിതമല്ലെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി. സതീദേവി. പൊടുന്നനെയുള്ള വെളിപ്പെടുത്തലുകൾ ആരെ സഹായിക്കാനെന്നത് ആശങ്കയുണ്ടാക്കുന്നു. അന്വേഷണത്തിലിരിക്കുന്ന കേസിൽ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും സതീദേവി കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചാണ് ശ്രീലേഖ രംഗത്തെത്തിയത്. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറഞ്ഞ ശ്രീലേഖ, അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും ഉയർത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തെഴുതിയത് സുനിയല്ല. സഹതടവുകാരൻ വിപിൻ ലാലാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം, ആരോപണത്തിന്റെ പശ്ചാത്തലത്തലത്തിൽ നടി കോടതിയെ സമീപിച്ചേക്കും. പ്രോസിക്യൂഷനൊപ്പമാകും നടിയും കോടതിക്ക് മുന്നിലെത്തുക. ക്രൈബ്രാഞ്ച് മൂന്ന് ദിവസത്തിനകം തുടരന്വഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേയാണ് ശ്രീലേഖയുടെ ആരോപണവും കോടതിക്ക് മുന്നിലെത്തുന്നത്.
Adjust Story Font
16