'ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു'; കെ.എം ബഷീറിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ
ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും വിടുതൽ ഹരജിയിൽ കോടതി ഈ മാസം 19ന് വിധി പറയും
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രോസിക്യൂഷൻ. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കാർ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നൽകിയത്. വാഹനം ഓടിച്ചത് അമിതവേഗതിയിലാണെന്നതിന് തെളിവുണ്ടെന്നും രക്ത സാമ്പിളുകൾ ശേഖരിക്കാൻ ശ്രീറാം അനുവദിച്ചത് പത്ത് മണിക്കൂറിന് ശേഷമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ വിചാരണ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. താൻ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ വ്യക്തമാക്കിയത്. ഇത് തെളിയിക്കുന്ന ഒന്നും കുറ്റപത്രത്തിലില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ വാദിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബഷീറിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല വാഹനമോടിച്ചതെന്നും ശ്രീറാം കോടതിയെ അറിയിച്ചു. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും വിടുതൽ ഹരജിയിൽ കോടതി ഈ മാസം 19ന് വിധി പറയും.
Adjust Story Font
16