സെന്റ്.മേരീസ് ബസലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. ആന്റണി പൂതവേലിനെ മാറ്റി
ബസലിക്കയിൽ ഏകീക്യത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമായ സന്ദർഭത്തിലാണ് അഡ്മിനിസ്ട്രേറ്ററായി ഫാ. ആന്റണി പൂതവേലിനെ നിയമിക്കുന്നത്
എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരിസ് ബസലിക്ക അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് ഫാ. ആന്റണി പൂതവേലിനെ മാറ്റി. മൂഴിക്കുഴം ഫെറോന വികാരിയായാണ് പുതിയ നിയമനം. ബസലിക്കയിൽ ഏകീക്യത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമായ സന്ദർഭത്തിലാണ് അഡ്മിനിസ്ട്രേറ്ററായി ഫാ. ആന്റണി പൂതവേലിനെ നിയമിക്കുന്നത്.
ബസലിക്ക വികാരിയായ ഫാ.ആന്റണി നരികുളത്തിന് മുകളിലായാണ് ആന്റണി പൂതവേലിയെ അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ഫാ.ആൻഡ്രൂസ് താഴത്ത് നിയമിച്ചത്. ജനാഭിമുഖ കുര്‍ബാനക്ക് എതിര് നിൽകുന്ന പുതിയ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ വിമത വിഭാഗം പ്രതിഷേധം കനപ്പിച്ചു. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കകത്ത് സംഘര്‍ഷമുണ്ടാകുകയും രണ്ട് മാസത്തോളം ബസലിക്ക അടച്ചിടേണ്ടി വരികയും ചെയ്തു. തര്‍ക്കങ്ങൾക്ക് താൽകാലിക പരിഹാരമായി പള്ളി തുറന്നെങ്കിലും അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന കാര്യത്തിൽ വിമത വിഭാഗം ഉറച്ചു നിന്നു. ഇതിനെ തുടര്‍ന്ന് വ്യത്യസ്ത ചര്‍ച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഒടുവിൽ അഡ്മിനിസ്ട്രേറ്ററെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. സിറോമലബാര്‍ സഭക്ക് കീഴിലെ 79 പേരെ സ്ഥലം മാറ്റിയപ്പോൾ അതിൽ ആന്റണി പൂതവേലിനെ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ ഇനി സെന്റ്‌മേരീസ് ബസലിക്കയിൽ ഫാ.ആന്റണി നരിക്കുളം വികാരിയായി തുടരും. ഈ തീരുമാനത്തെ വിമത വിഭാഗം അംഗീകരിക്കുമെങ്കിലും പുതിയ ഇടവകയിൽ വിശ്വാസികൾക്ക് എതിരെ നിലപാട് എടുക്കാൻ തുനിഞ്ഞാൽ അതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് വിമത വിഭാഗമായ അല്മായ മുന്നേറ്റം പറയുന്നത്
Adjust Story Font
16