'കറകളഞ്ഞ മതേതരവാദി, കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടം'; ആര്യാടന്‍റെ മരണത്തില്‍ ഉമ്മന്‍ ചാണ്ടി
'2004ലെ യു.ഡി.എഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു'
തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രജ്ഞന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി. 2004ലെ യു.ഡി.എഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം 8 തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. കോൺഗ്രസിന്‍റെ ശക്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. സംസ്ഥാനത്തെ കോൺഗ്രസിന്‍റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹം ദീർഘകാലം നിർണ്ണായക പങ്കുവഹിക്കുകയുണ്ടായി. ഭരണാധികാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാർട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ മലബാർ മേഖലയിലെ ശക്തനായ അമരക്കാരനായിരുന്നു ആര്യാടൻ മുഹമ്മദെന്ന് പി.കെ കുഞ്ഞിലിക്കുട്ടി അനുസ്മരിച്ചു. ദീർഘ കാലം കേരളത്തിലും, വിശിഷ്യാ മലബാർ മേഖലയിലും പ്രവർത്തകർക്ക് ആവേശവും, കരുത്തുമായി കോൺഗ്രസ് പാർട്ടിക്ക് അനിഷേധ്യ നേതൃത്വമാവാൻ ആര്യാടന് സാധിച്ചു. കോൺഗ്രസ് പാർട്ടിയുടെയും കുടുംബത്തിന്‍റെയും ദുഖത്തിൽ പങ്ക് ചേരുന്നതായി കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി ശിവന്‍കുട്ടി, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍, രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ് എന്നിവരും ആര്യാടന്‍റെ മരണത്തില്‍ അനുശോചിച്ചു.
Adjust Story Font
16