'ഒരു വരിയോ.. അക്ഷരമോ പിൻവലിക്കില്ല'; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ
'തെളിവുകൾ നാളെ പുറത്തുവിടും'
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ല. തെളിവുകൾ നാളെ പുറത്തുവിടും. ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുമെന്നും അദ്ദേഹം മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ പ്രതികരിച്ചു.
'എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ'- എംഎൽഎ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ പി.ഡബ്ലയു.സി. ഡയറക്ടറായിരുന്ന ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓർമയുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചതെന്നും പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകകയായിരുന്നു മൂവാറ്റുപുഴ എംഎൽഎ.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. പി.ഡബ്ലയു.സി. ഡയറക്ടറായിരുന്നു ബാലകുമാർ. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴൽനാടൻ പറഞ്ഞു.
Adjust Story Font
16