Quantcast

കോവിഡ് മരണനിരക്ക് മറച്ചുവച്ചതെന്തിന്? സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി പ്രവര്‍ത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-04 13:40:03.0

Published:

4 July 2021 10:22 AM GMT

കോവിഡ് മരണനിരക്ക് മറച്ചുവച്ചതെന്തിന്? സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം
X

കോവിഡ് മരണത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഐസിഎംആറിന്റെ മാർഗനിർദേശത്തിന് വിരുദ്ധമായി സർക്കാർ നിയമിച്ച വിദഗ്ധ സമിതി പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ മറച്ചുവച്ചത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ലിസ്റ്റിലില്ലാത്തവരുടെ ബന്ധുക്കൾക്ക് പരാതി നൽകാൻ എന്തു സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങൾ സർക്കാർ മറച്ചുവച്ചതെന്തിനാണ്, പട്ടികയിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾ ഏതു മാർഗത്തിലൂടെയാണ് പരാതി നൽകുക, പട്ടിക പ്രസിദ്ധീകരിക്കാതെ എങ്ങനെ പരിശോധിക്കാനാകും, ആർക്കാണ് പരാതി നൽകേണ്ടത്, ബന്ധുക്കൾ എന്തുതെളിവാണ് ഹാജരാക്കേണ്ടത്, സർക്കാർ മരണനിരക്ക് കുറച്ചുകാണിച്ചത് എന്തിനാണ്, കോവിഡ് പ്രതിരോധത്തിൽ ക്രെഡിറ്റ് എടുക്കാനാണോ സർക്കാർ ഇങ്ങനെ ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് വിഡി സതീശൻ ഉന്നയിച്ചത്.

''മന്ത്രി ആദ്യം പറഞ്ഞത് പരാതിയുള്ളവർ പരാതി നൽകണമെന്നാണ്. എങ്ങനെയാണ് പരാതി കൊടുക്കുക? എന്നാൽ, സർക്കാരിന്റെ പട്ടിക പുറത്തുവരാതെ എങ്ങനെയാണ് ബന്ധുക്കൾ പരാതി കൊടുക്കുക? ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പട്ടിക പുറത്തുവിടാമെന്ന് പറഞ്ഞത്. ഈ പരാതി കൊടുക്കാൻ പറയുന്നത് തന്നെ മര്യാദ കേടാണ്. ഓരോ വീട്ടിലെയും അന്നദാതാക്കളാണ് മിക്കയിടത്തും മരിച്ചുപോയത്. അവരുടെ വരുമാനങ്ങൾകൊണ്ടായിരിക്കും ആ കുടുംബം ജീവിക്കുന്നത്. കോവിഡ് മരണത്തിലൂടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളാണ്. അത്തരം കുടുംബത്തിലുള്ളവർ എവിടെപ്പോയി പരാതി നൽകാനാണ്? മന്ത്രിക്കോ സെക്രട്ടറിക്കോ വില്ലേജ് ഓഫീസിലോ കലക്ടറേറ്റിലോ എവിടെയാണ് പരാതി നൽകുക? പരാതി കൊടുക്കാൻ ചെന്നാൽ ഉദ്യോഗസ്ഥർ തെളിവ് കൊണ്ടുവരാൻ പറയും. അവരുടെ കൈയിൽ എവിടെയാണ് തെളിവുള്ളത്? തെളിവ് സർക്കാരിന്റെ കൈയിലല്ലേ ഉള്ളത്?'' അദ്ദേഹം ചോദിച്ചു.

കോവിഡ് മരണം എന്താണെന്ന് കൃത്യമായി ഐസിഎംആർ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ, ഡോക്ടർമാർ കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരത്തെ വിദഗ്ധ സമിതി വെട്ടിക്കളയുകയാണ്. ഇതിന് എന്ത് അധികാരമാണ് വിദഗ്ധ സമിതിക്കുള്ളത്? പിന്നീട് ജില്ലാതലത്തിലുള്ള വിദഗ്ധ സമിതിയുണ്ടാക്കി. എന്നാൽ, ആ സമിതിക്കും ഇതിനുള്ള അധികാരമില്ല. ഒരാളുടെ മരണം കോവിഡാണോ എന്നു സ്ഥിരീകരിക്കേണ്ടത് അയാളെ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ചികിത്സിച്ച ഡോക്ടറാണ്-പ്രതിപക്ഷ നേതാവ് പറഞ്ഞു.

യഥാർത്ഥ കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപിയും ആരോപിച്ചു. വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. മരിക്കുന്നവരുടെ ആനുകൂല്യം ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കോവിഡ് മരണനിരക്ക് കുറച്ചുകാണിച്ച സർക്കാർ സമൂഹത്തോട് മാപ്പുപറയണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

അതിനിടെ, 2020 ഡിസംബർ മുതൽ ജൂലൈ രണ്ടുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വിഷയത്തിലെ അവ്യക്തത മീഡിയവൺ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയിൽ ഉൾപ്പെടാതെ പോയവരുടെ ബന്ധുക്കളുടെ പരാതി പരിഹരിക്കാൻ ഡിഎംഒ തലത്തിൽ സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്നലെ മുതൽ പുനരാരംഭിച്ചിരുന്നു. എന്നാൽ, ഡിസംബർ 22 മുതൽ ജൂലൈ രണ്ടുവരെ കോവിഡ് മരണമായി രേഖപ്പെടുത്തിയവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ല. അതിനാൽ പട്ടികയിൽ പേരുള്ളതായി മരിച്ചവരുടെ ബന്ധുക്കൾക്ക് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മീഡിയവൺ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ രണ്ടു ദിവസത്തിനകം ഇവരുടെ വിവരങ്ങൾ കൂടി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

TAGS :
Next Story