Quantcast

വാഫി-വഫിയ്യ കലോത്സവവും ബിരുദദാന സമ്മേളനവും 2025 ജനുവരിയില്‍ എറണാകുളത്ത്

ബിരുദദാന സമ്മേളനത്തിൽ സിഐസി സ്ഥാപനങ്ങളില്‍ പഠനം പൂർത്തിയാക്കിയ 1,200ഓളം വാഫി-വഫിയ്യ പണ്ഡിതർ സനദ് സ്വീകരിക്കും

MediaOne Logo

Web Desk

  • Updated:

    2024-12-14 07:37:35.0

Published:

14 Dec 2024 7:34 AM GMT

The State Wafy-Wafiyya Kalolsavam(arts festival) and convocation to be held in Ernakulam on January 15th and 16th, 2025, CIC
X

കോഴിക്കോട്: സംസ്ഥാന വാഫി-വഫിയ്യ കലോത്സവവും ബിരുദദാന സമ്മേളനവും 2025 ജനുവരി 15, 16 തിയതികളിലായി എറണാകുളത്ത് നടക്കും. 'ഇസ്‌ലാം: ലളിതം സുന്ദരം' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിക്ക് കളമശ്ശേരി സംറ ഇന്‍റര്‍നാഷനൽ കൺവെൻഷൻ സെന്‍ററാണ് വേദിയാവുക.

മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് കാൽനൂറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള കോർഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിനോട്(സിഐസി) അഫിലിയേറ്റ് ചെയ്ത തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അറുപതിലേറെ സ്ഥാപനങ്ങളിലെ വിദ്യാർഥി-വിദ്യാർഥിനികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. പാനൽ ഡിസ്‍കഷന്‍, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി-വഫിയ്യ ബിരുദദാന സമ്മേളനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും. 'ധാർമികത, മതം' എന്ന പ്രമേയത്തില്‍ ഇരു ദിവസങ്ങളിലും പാനൽ ഡിസ്കഷൻ നടക്കും.

ബിരുദദാന സമ്മേളനത്തിൽ സിഐസി സ്ഥാപനങ്ങളില്‍ പഠനം പൂർത്തിയാക്കിയ 1,200ഓളം വാഫി-വഫിയ്യ പണ്ഡിതർ സനദ് സ്വീകരിക്കും. ജനുവരി 15ന് നടക്കുന്ന വിവിധ സെഷനുകളില്‍ സയ്യിദത്ത് സുൽഫത്ത് ബീവി പാണക്കാട്, സയ്യിദത്ത് സജ്‌ന ബീവി, സയ്യിദത്ത് ശബാന ബീവി, സയ്യിദത്ത് ഹനിയ്യ മുനവ്വർ ബീവി, ജെബി മേത്തർ എംപി, ഉമ തോമസ് എംഎൽഎ തുടങ്ങിയവർ അതിഥികളായെത്തും.

സമാപനദിനമായ ജനുവരി 16ന് നടക്കുന്ന വാഫി കലോത്സവത്തിലും ബിരുദദാന ചടങ്ങിലുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, അഡ്വ. ഹാരിസ് ബീരാൻ, കെ.എം ഷാജി, അൻവർ സാദത്ത് എംഎൽഎ, ഹൈബി ഈഡൻ എംപി, വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.എ അഹമ്മദ് കബീർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സോണൽ മത്സരങ്ങൾ വിവിധ കാമ്പസുകളിലായാണ് നടക്കുന്നത്. ഡിസംബർ 23, 24, 25 തിയതികളിൽ കാട്ടിലങ്ങാടി പി.എം.എസ്.എ കാമ്പസും ഡിസംബർ 28, 29 തിയതികളിൽ വളാഞ്ചേരി മർക്കസുമാണ് സോണൽ കലോത്സവങ്ങൾക്ക് വേദിയാവുന്നത്.

Summary: The State Wafy-Wafiyya Kalolsavam(arts festival) and convocation to be held in Ernakulam on January 15th and 16th, 2025

TAGS :

Next Story