Quantcast

കലക്ടർ അടക്കമുള്ളവരുടെ മൊഴിയെടുപ്പ് പൂർത്തിയായി; എഡിഎമ്മിന്റെ മരണത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും

പി.പി ദിവ്യ മൊഴിയെടുക്കാൻ സാവകാശം തേടി.

MediaOne Logo

Web Desk

  • Updated:

    2024-10-19 17:13:51.0

Published:

19 Oct 2024 3:31 PM GMT

Statements Collecting of Collector and others completed in ADMs death
X

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യൂ വകുപ്പ് ഉദ്യോ​ഗസ്ഥയുടെ നേതൃത്വത്തിൽ നടന്നുവന്ന മൊഴിയെടുപ്പ് പൂർത്തിയായി. ഡിജിറ്റൽ രേഖകളടക്കം ശേഖരിച്ചു. കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ, കലക്ടറേറ്റ് ഉദ്യോ​ഗസ്ഥർ, പരാതിക്കാരൻ പ്രശാന്തൻ തുടങ്ങിയവരുടെ മൊഴിയാണെടുത്തത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത ഐഎഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂർ കലക്ടറേറ്റിൽ നടന്ന മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം നീണ്ടു. പ്രശാന്തനെ മൊഴിയെടുക്കാനായി കണ്ണൂർ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരാതിയും തെളിവുകളും പ്രശാന്തൻ ​അന്വേഷണ ഉദ്യോ​ഗസ്ഥയ്ക്ക് കൈമാറി. മൊഴി നൽകിയ ശേഷം പ്രശാന്തൻ മടങ്ങുകയും ചെയ്തു.

അതേസമയം, എഡിഎമ്മിന്റെ മരണത്തിൽ ആരോപണവിധേയയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മൊഴിയെടുക്കാൻ സാവകാശം തേടി. എത്ര പേരുടെ മൊഴിയെടുത്തെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എല്ലാം വിശദമായി റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും എ. ​ഗീത പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്നും ഉദ്യോ​ഗസ്ഥ അറയിച്ചു.

എഡിഎമ്മിന്റെ മരണത്തിൽ റവന്യൂ വകുപ്പ് നിർദേശപ്രകാരമാണ് ഉന്നതതല അന്വേഷണം തുടങ്ങിയത്. പെട്രോൾ പമ്പ് അനുമതിയിൽ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കലക്ടറോട് ചോദിച്ചത്. ‌‌സംഭവത്തിൽ റവന്യൂ മന്ത്രിക്ക് നേരത്തെ കലക്ടർ ഒരു പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നൽകിയിരുന്നില്ല.

തുടർന്നാണ് അന്വേഷണ സംഘത്തെ നിയോ​ഗിച്ചതും എ.​ ഗീതയ്ക്ക് ചുമതല നൽകിയതും. കലക്ടർക്കെതിരെയും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇന്നു രാവിലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് എ. ഗീത കണ്ണൂർ കലക്ടറേറ്റിൽ കലക്ടറടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ എത്തിയത്.

എ‌ഡിഎമ്മിന്റെ യാത്രയയപ്പ്‌ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടാണ് ചെന്നതെന്ന പി.പി ദിവ്യയുടെ വാദം കലക്ടർ തള്ളി. നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകി. നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാർ മൊഴി നല്‍കിയത്. അതുകൊണ്ടാണ് ഇടപെടാതിരുന്നതെന്നും അവർ പറഞ്ഞു.

എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്ത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് പുതിയ അന്വേഷണസംഘത്തിന് റവന്യൂ വകുപ്പിന്റെ നിർദേശം. എഡിഎമ്മിനെതിരായ അഴിമതി ആരോപണം, പെട്രോൾ പമ്പിനുള്ള എൻഒസി മനഃപൂർവം വൈകിപ്പിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും.



TAGS :

Next Story