കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി
ന്യൂ മാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. കൂത്തുപറമ്പിലും കഴിഞ്ഞ ദിവസം രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്. കൂത്തുപറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ നടത്തിയത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Adjust Story Font
16