Quantcast

പനയംപാടം റോഡിൽ ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി; പ്രദേശത്ത് ഇന്ന് മുതൽ വേഗനിയന്ത്രണം

യോ​ഗത്തിൽ അപകടം കുറയ്ക്കാനുള്ള വിവിധ നിർദേശങ്ങൾ നാട്ടുകാർ മുന്നോട്ടുവച്ചു. ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തും.

MediaOne Logo

Web Desk

  • Updated:

    2024-12-13 11:28:28.0

Published:

13 Dec 2024 10:30 AM GMT

പനയംപാടം റോഡിൽ ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി; പ്രദേശത്ത് ഇന്ന് മുതൽ വേഗനിയന്ത്രണം
X

പാലക്കാട്: പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം സമാപിച്ചു. അപകടമേഖലയിൽ ഇന്ന് മുതൽ വേഗനിയന്ത്രണം നടപ്പാക്കും. ഉദ്യോ​ഗസ്ഥ സംഘം സ്ഥലം പരിശോധിക്കുകയും ചെയ്യുമെന്ന് മന്ത്രിയടക്കമുള്ളവർ അറിയിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ. ശാന്തകുമാരി എംഎൽഎ, ജില്ലാ കലക്ടർ എസ്. ചിത്ര, എസ്പി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോ​ഗത്തിൽ അപകടം കുറയ്ക്കാനുള്ള വിവിധ നിർദേശങ്ങൾ നാട്ടുകാർ മുന്നോട്ടുവച്ചു. ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തും. ലഭിച്ച നിർദേശങ്ങൾ നടപ്പാക്കാൻ പറ്റുമോ എന്ന് പരിശോധിക്കും. ആദ്യ ഘട്ടമായി പ്രദേശത്ത് പൊലീസ് നേതൃത്വത്തിൽ വാഹനവേഗം നിയന്ത്രിക്കുമെന്നും ഇനി ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് അടിയന്തര നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രദേശത്ത് നാളെ ഒരു ഓഡിറ്റിങ് സംഘം പോവും. പിഡബ്ല്യുഡി, ദേശീയപാതാ അധികൃതർ, എസ്പി എന്നിവരായിരിക്കും സ്ഥലങ്ങൾ പരിശോധിക്കുക. നിർദേശങ്ങൾ നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കും. ഇനിയും യോ​ഗം ചേരുമെന്നും മന്ത്രി പറഞ്ഞു. പൊലീസ് വാഹനപരിശോധന ശക്തമാക്കുമെന്നും മറ്റൊരു സംവിധാനം വരുംവരെ വേ​ഗം നിയന്ത്രിക്കുമെന്നും എസ്പി അറിയിച്ചു.

നേരത്തെ ഐഐടി നടത്തിയ പഠനറിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങൾ നടപ്പാക്കിയിരുന്നെന്നും അത് എംവിഡിക്ക് ബോധ്യപ്പെട്ടതാണെന്നും എന്നാൽ വീണ്ടും അപകടം ആവർത്തിച്ചെന്നും കലക്ടർ പറഞ്ഞു. ഈ സാഹചര്യത്തിൽ ആ നിർദേശങ്ങളിൽ പോരായ്മകളുണ്ടെന്നാണ് മനസിലാവുന്നത്. അതിന്റെ ഭാഗമായി ഉദ്യോ​ഗസ്ഥ സംഘം സേഫ്റ്റി ഓഡിറ്റ് നടത്തി അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ, ദേശീയപാതാ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി ഫണ്ട് വാങ്ങി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കൃത്യമായി പദ്ധതി തയാറാക്കി നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

അതേസമയം അപകടത്തിൽ ഒരാൾ അറസ്റ്റിലായി. അപകടത്തിൽപ്പെട്ട മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ മലപ്പുറം സ്വദേശിയായ പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ജോൺ അമിതവേഗതയിലാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും കല്ലടിക്കോട് പൊലീസും അറിയിച്ചു.



TAGS :

Next Story