Quantcast

'ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗം'; പി.കെ ശശിക്കെതിരെ നടപടി എടുത്തെന്ന വാർത്ത തള്ളി എം.വി ഗോവിന്ദൻ

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    19 Aug 2024 5:41 AM GMT

still a member of the District Committee; AV Govindan denied the news that action was taken against PK Sasi, latest news malayalam, cpm, ktdc, ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗം; പി.കെ ശശിക്കെതിരെ നടപടി എടുത്തെന്ന വാർത്ത തള്ളി എ.വി ഗോവിന്ദൻ
X

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടി നടപടി സാങ്കേതികമായി സ്ഥിരീകരിക്കാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും അത്തരം വാർ‌ത്ത തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനം ശശിക്കുണ്ടോയെന്നറിയല്ല. രാജി വെക്കുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ തീരുമാനണ്. രാജിവെക്കാൻ പാർട്ടി പറഞ്ഞിട്ടില്ല. ഇപ്പോഴും പി.കെ ശശി ജില്ലാ കമ്മിറ്റി അംഗം തന്നെയാണ്. എം.വി ഗോവിന്ദൻ പറഞ്ഞു. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങൾക്ക് മുൻപിൽ പറയേണ്ട കാര്യമില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സാധാരണ​ഗതിയിൽ ഒരു പാർട്ടി അം​ഗത്തിനെതിരെയുള്ള നടപടി സ്ഥിരീകരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ശശിയുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയുടെ ശിപാർശ സംസ്ഥാന കമ്മിറ്റി ഇതുവരെ ഔദ്യോഗികമായി അം​ഗീകരിച്ചിട്ടില്ല. അതേസമയം പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ശശി ഇന്ന് രാജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ശശിക്കെതിരെ പാലക്കാട് ജില്ലാ കമ്മറ്റിയിൽ രൂക്ഷവിമർശനമാണ് ഉയർന്നു വന്നത്. മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നും ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും ഇത് ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നുമായിരുന്നു ജില്ലാ കമ്മിറ്റിയിൽ ഉയർന്നു വന്ന വിമർശനം. പാർട്ടി നിയത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യക്തിഗത താൽപര്യങ്ങൾക്ക് ഉപയോഗിച്ചെന്നും സഹകരണ ബാങ്കുകളിൽ ഇഷ്ട്ടക്കാരെ തിരുകി കയറ്റിയെന്നും ഏരിയ സെക്രട്ടറി ഉൾപെടെ ഉള്ളവർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും വിമർശനമുയർന്നു.

മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ ഫണ്ട് തിരിമറിയും സഹകരണ സ്ഥാപന നിയമനങ്ങളിലെ ക്രമക്കേടുമാണു ശശിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ. സി.പി.എം നേതാക്കളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാ​ഗപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആരോപണങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ശശിയെ നേതൃസ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തിരുന്നു.

TAGS :

Next Story