സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു: കെ.സുധാകരൻ
നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടി ഈയിടെയാണ് സഭയിൽ 50 വർഷം പിന്നിട്ടത്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകൻ ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുന്നെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
കാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടിയുടെ അന്ത്യം ബംഗളുരൂവിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.46 നാണ് ചികിത്സയിലായിരുന്ന ആശുപത്രിയിൽ വെച്ച് ഉമ്മൻ ചാണ്ടി അന്തരിച്ചത്.
ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെയും കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നു. 2004-2006, 2006-2011 വര്‍ഷങ്ങളില്‍ രണ്ട് തവണകളിലായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായി. നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം ഈയിടെയാണ് സഭയിൽ അൻപത് വർഷം പിന്നിട്ടത്.
തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.
Adjust Story Font
16