തൃശൂരിലും ഇടുക്കിയിലും തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു
ഓട്ടോറിക്ഷയിലേക്ക് കയറാനൊരുങ്ങവയെയായിരുന്നു സന്തോഷിനു നേരെ ആക്രമണം.
തൃശൂർ/പൈനാവ്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. തൃശൂരിലും ഇടുക്കിയിലും ഉണ്ടായ ആക്രമണത്തിൽ ബംഗാൾ സ്വദേശിയടക്കം ഏഴ് പേർക്ക് കടിയേറ്റു.
ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. കണ്ണമ്പടി കിഴുകാനം സ്വദേശികൾക്കാണ് കടിയേറ്റത്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. കടിയേറ്റവർ കട്ടപ്പന ഇരുപതേക്കർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
തൃശൂരിൽ അഞ്ചേരിയിലാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. വൈകീട്ട് അഞ്ചേരി സ്കൂളിന് സമീപത്തുവച്ചാണ് ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ബംഗാൾ സ്വദേശിയേയും നായകൾ കടിച്ചത്.
ഓട്ടോറിക്ഷയിലേക്ക് കയറാനൊരുങ്ങവയെയായിരുന്നു സന്തോഷിനു നേരെ ആക്രമണം. ശബ്ദമുണ്ടാക്കിയതോടെ ഇവിടെനിന്നും ഓടിയ നായകൾ കുറച്ചപ്പുറത്ത് കൂടി നടന്നുവരികയായിരുന്ന ബംഗാൾ സ്വദേശിയേയും കടിക്കുകയായിരുന്നു. കാലിന് കടിയേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന്, തിരുവനന്തപുരം കാട്ടാക്കടയിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്ന് പേർക്കാണ് കടിയേറ്റത്. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. ആമച്ചൽ, പല്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ പൂവച്ചലിൽ രണ്ട് പേരെ തെരുവുനായ കടിച്ചിരുന്നു.
സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികളില്ലാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞദിവസം പാലക്കാട് ഒറ്റപ്പാലം വരോട് അത്താണി പ്രദേശത്ത് മദ്രസയിൽ നിന്നും വരികയായിരുന്ന വിദ്യാർഥിയെ തെരുവ് നായ കടിച്ചിരുന്നു. 12കാരനായ മെഹ്നാസിന് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13കാരി കഴിഞ്ഞദിവസം മരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം.
കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്.
Adjust Story Font
16