ഇടുക്കി മെഡിക്കൽ കോളജിൽ തെരുവു നായകളുടെ വിളയാട്ടം
ആശുപത്രി വളപ്പിലും വരാന്തകളിലുമായി 30ഓളം നായകളാണ് തമ്പടിച്ചിരിക്കുന്നത്.
ഇടുക്കി മെഡിക്കൽ കോളജിൽ തെരുവു നായകളുടെ വിളയാട്ടം. ആശുപത്രി വളപ്പിൽ ചുറ്റിത്തിരിയുന്ന നായ്ക്കൂട്ടങ്ങളുടെ നടുവിലൂടെ അതി സാഹസികമായാണ് ആളുകളെത്തുന്നത്. മരുന്നു വാങ്ങാനെത്തുന്നവർക്ക് തെരുവു നായയുടെ കടിയേൽക്കുന്നതും പതിവാണ്. ദിവസേന ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിനാളുകൾക്കാണ് തെരുവുനായകൾ കടുത്ത ഭീഷണിയാവുന്നത്.
ആശുപത്രി വളപ്പിലും വരാന്തകളിലുമായി 30ഓളം നായകളാണ് തമ്പടിച്ചിരിക്കുന്നത്.ആശുപത്രിയിലെത്തുന്ന രോഗികൾക്കും വാഹനങ്ങൾക്കും മുന്നിലേക്ക് ഇവ എടുത്തുചാടുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിത്യ കാഴ്ചയാണ്.
രോഗിയുമായി ആംബുലൻസെത്തിയ ശേഷം വാതിൽ തുറന്ന് അവരെ പുറത്തിറക്കാൻ ആവാത്ത വിധം നായകളുടെ ശല്യമാണെന്ന് ആംബുലൻസ് ഡ്രൈവറായ ഹാരിസ് മീഡിയവണിനോടു പറഞ്ഞു. മോർച്ചറിയിലെ ഭാഗത്തേക്കൊന്നും പോകാനാവാത്ത സ്ഥിതിയാണ്. നായകളുടെ വിഹാര കേന്ദ്രമായി ആശുപത്രി പരിസരം മാറിയെന്നും ഹാരിസ് പറഞ്ഞു.
ആശുപത്രി വളപ്പിലുള്ള പല നായകളും അക്രമകാരികളാണ്. രോഗികളുമായി എത്തുന്ന ആളുകൾക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധം വളയുകയാണ് നായകൾ. ഇതുകൂടാതെ ഇടുക്കി ജില്ലാ ആസ്ഥാനത്തും ജില്ലാ പഞ്ചായത്ത് പരിസരത്തും നായകൾ ചുറ്റിത്തിരിയുന്നുണ്ട്.
Adjust Story Font
16