കേരളത്തിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് ബിബിസിയും
ലോകത്തിലെ റാബിസ് മരണങ്ങളിൽ 36% ഇന്ത്യയിലാണ്
ലണ്ടൻ: കേരളത്തിലെ തെരുവുനായ ശല്യം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലും ചർച്ചയായി. പത്തനംതിട്ടയിൽ 12 വയസ്സുകാരി അഭിരാമി തെരുവുനായയുടെ കടിയേറ്റു മരിച്ച സംഭവമാണ് ബിബിസി പ്രാധാന്യ പൂർവ്വം റിപ്പോർട്ടു ചെയ്തത്. അഭിരാമി പേവിഷ ബാധയ്‌ക്കെതിരെയുള്ള ആന്റി റാബിസ് വാക്‌സിൻ മൂന്നു ഡോസ് സ്വീകരിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആഗസ്തിൽ കടിയേറ്റ അഭിരാമി തിങ്കളാഴ്ചയാണ് ആശുപത്രിയിൽ മരിച്ചത്. ഈ വർഷം കേരളത്തിൽ നടക്കുന്ന 21-ാമത്തെ പേവിഷബാധ മരണമാണിത്. ആൻറി റാബിസ് വാക്‌സിൻ മൂന്ന് ഡോസുകൾ അഭിരാമിക്ക് ലഭിച്ചിരുന്നുവെന്നും, നാലാമത്തെ ഡോസ് വാക്‌സിൻ എടുക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ കണക്കു പ്രകാരം ലോകത്തിലെ റാബിസ് മരണങ്ങളിൽ 36% ഇന്ത്യയിലാണ്. ഇന്ത്യയിൽ പേവിഷബാധയുടെ യഥാർത്ഥ കണക്ക് അജ്ഞാതമാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, പേവിഷബാധ രാജ്യത്ത് ഓരോ വർഷവും 18,000-20,000 മരണങ്ങൾക്ക് കാരണമാകുന്നു- ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.
2019 ലെ കന്നുകാലി സെൻസസ് പ്രകാരം, ഇന്ത്യയിൽ 15.3 ദശലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് ആഗസ്തില്‍ സർക്കാർ പാർലമെന്റിൽ അറിയിച്ചത്. 290,000 തെരുവ് നായ്ക്കൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ.
2016-ൽ കേരളത്തിൽ തെരുവ്‌നായ്ക്കളുടെ ആക്രമണം വർധിച്ചതിനെ തുടർന്ന് തെരുവ് നായ്ക്കളെ കൊല്ലാനുള്ള പ്രചാരണം ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഇത് മൃഗാവകാശ പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. അതിന് ഒരു വർഷം മുമ്പ്, തെരുവ് നായ്ക്കളെ തുരത്താനുള്ള നിർദ്ദേശത്തിനെതിരെ നായപ്രേമികൾ സോഷ്യൽ മീഡിയയിൽ 'ബോയ്കോട്ട് കേരള' എന്ന ഹാഷ്ടാഗുമായി രംഗത്തു വന്നിരുന്നു. പദ്ധതി നടപ്പായതുമില്ല.
തെരുവ് നായ്ക്കൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും. 2001-ൽ കൊണ്ടുവന്ന എബിസി (അനിമൽ ബർത്ത് കൺട്രോൾ) നിയമങ്ങൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഈ നിയമമനുസരിച്ച് തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുകയും വാക്‌സിനേഷൻ നൽകുകയും അവയെ എടുത്ത അതേ പ്രദേശത്തേക്ക് തന്നെ തിരികെ കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും നായ്ക്കളുടെ ആക്രമണം കുറയ്ക്കുന്നതിനുമുള്ള ഏറ്റവും മനുഷ്യത്വപരവും ഫലപ്രദവുമായ മാർഗ്ഗമാണിതെന്നാണ് മൃഗാവകാശ പ്രവർത്തകർ വാദിക്കുന്നത്.
എന്നാൽ, ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ലെന്നും നായ്ക്കളെ കൊല്ലുകയാണ് പരിഹാരമെന്നുമാണ് വിമർശകർ പറയുന്നത്.
Adjust Story Font
16