ഭക്ഷ്യ വിഷബാധ: അഞ്ചു ദിവസം കൊണ്ട് 1132 പരിശോധന, 110 കടകൾ പൂട്ടിച്ചു; പിഴവ് കണ്ടെത്തിയാൽ കർശന നടപടി: ആരോഗ്യ മന്ത്രി
140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിൻ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരുന്നു. ഈ മാസം രണ്ടു മുതൽ ഇന്നുവരെ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 കടകൾ പൂട്ടിച്ചു. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ മത്സ്യ, ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് ചെക്പോസ്റ്റുകൾ, കടകൾ, മാർക്കറ്റുകൾ, ഭക്ഷ്യ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ദേവനന്ദയുടെ മരണത്തിനുശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തു നശിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിയുടെ മരണത്തിന് കാരണമായ ഷോപ്പിന്റെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും സർക്കാർ പറഞ്ഞു. എന്നാൽ ഇപ്പോൾ പിടികൂടിയ മാംസം എത്രപേരെ വകവരുത്തുമായിരുന്നെന്നും കുട്ടിയുടെ മരണത്തിനുശേഷം നാലു ദിവസമായി നടത്തിയ പരിശോധനകൾ നേരത്തെ നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വർഷം മുഴുവൻ നീളുന്ന ഇത്തരം മിന്നൽ പരിശോധനകൾ നടത്തണമെന്ന് നിർദേശിച്ചു.
Strict action Against Food poisoning: Health Minister
Adjust Story Font
16