Quantcast

ഉത്തരക്കടലാസുകൾ നഷ്ടമായതിൽ അധ്യാപകനെതിരെ കർശന നടപടി; പൊലീസിൽ പരാതിയും നൽകും

പാലക്കാട് നിന്നും ആലത്തൂരിലേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വാദം.

MediaOne Logo

Web Desk

  • Updated:

    29 March 2025 9:22 AM

Published:

29 March 2025 7:01 AM

Strict action will be taken against the teacher for losing answer sheets in Kerala University
X

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ നഷ്ടമായതിൽ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിൻഡിക്കേറ്റ്. പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തി. കാരണംകാണിക്കൽ നോട്ടീസ് നൽകി അധ്യാപകനിൽനിന്ന് വിശദീകരണം വാങ്ങി. അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തി. അതിവേഗം സ്പെഷ്യൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തും. സംഭവത്തിൽ വി.സി തിങ്കളാഴ്ച യോഗം വിളിച്ചു.

മൂല്യനിർണയത്തിനായി കൊണ്ടുപോയ ഉത്തരക്കടലാസുകളാണ് അധ്യാപകൻ നഷ്ടപ്പെടുത്തിയത്. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം. പാലക്കാട് നിന്നും ബൈക്കിൽ വരവെയാണ് അധ്യാപകനിൽനിന്ന് ഉത്തരക്കടലാസുകൾ നഷ്ടമായത്.

ഇവ നഷ്ടപ്പെട്ടത് കേരളാ സർവകലാശാല കഴിഞ്ഞ ഡിസംബറിൽ തന്നെ അറിഞ്ഞതായാണ് സൂചന. സിൻഡിക്കേറ്റ് ഉപസമിതിക്ക് വിവരം റിപ്പോർട്ട് ചെയ്തിട്ടും തുടർനടപടികൾ സ്വീകരിക്കാൻ വൈകിയെന്നും ആക്ഷേപമുണ്ട്. പാലക്കാട് നിന്നും ആലത്തൂരിലേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വാദം. ഇരുചക്ര വാഹനത്തിലായിരുന്നു പോയത്. റോഡിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പൊലീസിലും പരാതി നൽകിയിരുന്നുവെന്നും അധ്യാപകൻ പറയുന്നു.

അതേസമയം, ഉത്തരക്കടലാസ് കാണാതായതോടെ വീണ്ടും പരീക്ഷ എഴുതണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാർഥികൾ പറയുന്നു. വളരെ ലാഘവത്തോടെയാണ് പരീക്ഷ പേപ്പർ കോളജ് അധികൃതർ കൈകാര്യം ചെയ്തത്. ഫലം വരാനിരിക്കെയാണ് ഉത്തരക്കടലാസ് കാണാനില്ലെന്ന് അറിയുന്നതെന്നും വിദ്യാർഥികൾ മീഡിയവണിനോട് പറഞ്ഞു.

2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനുശേഷം പരീക്ഷാ പേപ്പറുകൾ നഷ്ടമായി എന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം.

ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിഷയത്തിൽ ഒരിക്കൽക്കൂടി പരീക്ഷ എഴുതണമെന്ന് സൂചിപ്പിച്ചുള്ള അറിയിപ്പ് വിദ്യാർഥികൾക്ക് ഇ-മെയിൽ മുഖാന്തരം ലഭിക്കുകയായിരുന്നു. വരുന്ന ഏപ്രിൽ ഏഴിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ‌വിദ്യാർഥികളുടെ 3,4 സെമസ്റ്ററുകളുടെ ഫലം ഇതുവരെയും വന്നിട്ടില്ല. സർവകലാശാലയിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നും പകരം പരീക്ഷ എഴുതേണ്ടിവരുമെന്നും വിദ്യാർഥികൾ അറിയുന്നത്.

ഈ 71 പേരിൽ എല്ലാവർക്കും ഇ-മെയിൽ വന്നിട്ടുമില്ല. പരീക്ഷയെഴുതിയ കുട്ടികളിൽ പലരും ഉപരിപഠനത്തിനായി വിദേശത്തേക്കു പോയി. ജോലി തേടിയിറങ്ങിയവർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ ദുരിതത്തിൽ ആയി. വിഷയത്തിൽ സർവകലാശാലയുടെ തുടർനടപടി ആണ് ഇനി അറിയേണ്ടത്.

TAGS :

Next Story