തിരുവനന്തപുരത്ത് കരാർ തൊഴിലാളികളുടെ സമരം; രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ വൈകുന്നു
യാത്രക്കാരുടെ ലഗേജ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകി
തിരുവനന്തപുരം: വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാട്‌സ് മാനേജ്‌മെൻറിനെതിരെ സംയുക്ത സമരവുമായി കരാർ തൊഴിലാളികൾ. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. മാനേജ്‌മെൻറ് തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു.
തൊഴിലാളികളുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകി. നിലവിൽ 8 സർവീസുകൾ വൈകിയെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര സർവീസുകൾ പുറപ്പെടാൻ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. 4.40ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ 20 മിനിറ്റ് വൈകി. യാത്രക്കാരുടെ ലഗേജ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകി.
തൊഴിലാളികളുടെ പണിമുടക്കിൽ കാർഗോ നീക്കത്തിലും വൻ പ്രതിസന്ധി നേരിട്ടു. വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണിത്. എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്. പുലർച്ചെയുള്ള എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്.
ജീവനക്കാരുടെ ശമ്പള വർധനവിലും മറ്റും നടപടി ആവശ്യപ്പെട്ട് ആറുമാസം മുമ്പുതന്നെ കമ്പനിക്ക് നോട്ടീസ് നൽകിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. റീജണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുമെന്നതിൽ വിഷമമുണ്ടെന്നും വിഷയത്തിൽ മാനേജ്‌മെന്റാണ് ഉടൻ തീരുമാനമെടുക്കേണ്ടതെന്നും തൊഴിലാളികൾ പറഞ്ഞു.
2022ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. പിന്നീട് നടത്തിയ ചർച്ചകളിൽ വേതനം സംബന്ധിച്ച് ഏകപക്ഷീയ നിലപാടാണ് കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനി തീരുമാനിക്കുന്ന തുക വേണമെങ്കിൽ തൊഴിലാളികൾ അംഗീകരിച്ചാൽ മതിയെന്ന സമീപനമായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ചത്. നിയമപരമായി ലേബർ കമ്മീഷൻ ശിപാർശ ചെയ്യുന്ന ശമ്പള പരിഷ്‌കരണം മാത്രമാണ് മുന്നോട്ടുവെക്കുന്നതെന്നും അത് ന്യായമാണെന്നുമാണ് തൊഴിലാളികളുടെ വാദം. മാനേജ്‌മെന്റിനും തൊഴിലാളികൾക്കും അനുയോജ്യമായ ശമ്പള വർധന ലേബർ കമ്മീഷൻ മുന്നോട്ട് വെച്ചെങ്കിലും കമ്പനി അതും അംഗീകരിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
Adjust Story Font
16