യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിക്ക് മർദനം; ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്
ഡിസംബർ രണ്ടാം തീയതി മർദനമേറ്റ ഭിന്നശേഷി വിദ്യാർഥിയുടെ സുഹൃത്താണ് ഇന്നലെ മർദനമേറ്റ വിദ്യാർഥി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി വിദ്യാർഥിയുടെ പരാതി. മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് പരാതി നൽകിയത്. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയുടെ ചെവിക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്. വിദ്യാർഥിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. SFI പ്രവർത്തകരായ ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടുകൂടി വിദ്യാർഥിയുടെ ഹോസ്റ്റൽ മുറിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ എത്തി. തുടർന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിക്കുകയായിരുന്നു. സ്വന്തം പാർട്ടിക്കാരനാണെന്ന് പറഞ്ഞിട്ടും തന്നെ മർദിച്ചെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു. ഡിസംബർ രണ്ടാം തീയതി മർദനമേറ്റ ഭിന്നശേഷി വിദ്യാർഥിയുടെ സുഹൃത്താണ് ഇന്നലെ മർദനമേറ്റ വിദ്യാർഥി.
Adjust Story Font
16