മോദിക്ക് നന്ദി പറഞ്ഞ് ബാനര്‍: യു.ജി.സിയെ വിമര്‍ശിച്ച് വിദ്യാര്‍ഥി സംഘടനകള്‍
"പെട്രോളിനുള്‍പ്പെടെ തീവില ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രധാനമന്ത്രി ആദ്യം ജനങ്ങളോട് മാപ്പ് പറയട്ടെ, എന്നിട്ടാകാം നന്ദി പറച്ചില്‍"
സൗജന്യ വാക്സിന്‍ ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രിക്ക് നന്ദി പ്രകടിപ്പിച്ച് ക്യാംപസുകളില്‍ ബാനറുകള്‍ ഉയര്‍ത്തണമെന്ന യു.ജി.സി നിര്‍ദേശത്തെ വിമര്‍ശിച്ച് വിദ്യാര്‍ഥി സംഘടനകള്‍. മോദിക്ക് നന്ദി പറയില്ല എന്നതടക്കമുളള പ്രതിഷേധ ബാനറുകളുയര്‍ത്തിക്കാട്ടി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ യു.ജി.സി നിലപാടിനെതിരെ രംഗത്തുവന്നു.
എറണാകുളം മഹാരാജാസ് കോളജിലുയര്‍ന്ന ബാനറുകളിലൊന്നില്‍ കുറിച്ചത് ഇങ്ങനെയാണ്, 'മോദിക്ക് നന്ദി പറയാൻ മഹാരാജാസിന് മനസ്സില്ല'. കോളേജ് കവാടത്തിന് മുന്നില്‍ ഫ്രട്ടേണിറ്റി തൂക്കിയ ബാനറിലാണ് വിദ്യാര്‍ഥി രോഷം ഇവ്വിധം പ്രകടിപ്പിച്ചത്. പൗരന്റെ അവകാശം സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണ്. ഇത്തരം ബാധ്യതകള്‍ നിര്‍വഹിക്കുന്നതിനെ ഔദാര്യമായി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് എസ്.എഫ്.ഐയുടെ വിമര്‍ശനം.
പെട്രോളിനുള്‍പ്പെടെ തീവില ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രധാനമന്ത്രി ആദ്യം ജനങ്ങളോട് മാപ്പ് പറയട്ടെ, എന്നിട്ടാകാം നന്ദി പറച്ചിലെന്നാണ് കെ.എസ്.യു നിലപാട്. ഇത്തരം പ്രഹസന ചടങ്ങുകളെയും നിലപാടുകളെയും ഇനിയും വിമര്‍ശിക്കാന്‍ തന്നെയാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.
Adjust Story Font
16