മുന്നില്‍ കുത്തനെയുള്ള ഇറക്കം; ഡ്രൈവറില്ലാതെ നീങ്ങിയ ബസ്സ് ബ്രേക്ക് ചവിട്ടിനിര്‍ത്തി, രക്ഷകനായി വിദ്യാര്‍ഥി
അകവൂർ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യൻ രാജേഷാണ് വൻ അപകടത്തില്‍ നിന്ന് വിദ്യാർഥികളെ രക്ഷിച്ചത്
ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂൾ ബസ്സ് ബ്രേക്ക് ചവിട്ടി നിർത്തി വൻ അപകടമൊഴിവാക്കി സ്‌കൂൾ വിദ്യാർഥി. എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യൻ രാജേഷാണ് വൻ അപകടത്തില്‍ നിന്ന് വിദ്യാർഥികളെ രക്ഷിച്ചത്.
ഇന്നലെ വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്നതിനായി വിദ്യാർഥികൾ ബസ്സിൽ കയറി ഇരിക്കുകയായിരുന്നു. ഈ സമയത്ത് ഡ്രൈവർ ബസ്സിലുണ്ടായിരുന്നില്ല. ഇതിനിടെ ഗിയർ തനിയെ തെന്നിനീങ്ങി ബസ്സ് മുന്നോട്ട് നീങ്ങിത്തുടങ്ങി. സ്‌കൂളിന് മുന്നിലെ ഇറക്കത്തിലൂടെ വേഗത്തിൽ നീങ്ങിയ ബസ്സ് അപകടത്തിലേക്ക് പോകുന്നത് കണ്ട് ഭയന്ന വിദ്യാർഥികൾ ഉച്ചത്തിൽ നിലവിളിച്ചു. ഉടന്‍ ഡ്രൈവറുടെ സീറ്റിലേക്ക് ചാടിക്കയറിയ ആദിത്യൻ ബ്രേക്ക് ചവിട്ടി ബസ്സ് നിർത്തുകയായിരുന്നു.ഇതോടെ വൻ ദുരന്തം ഒഴിവായി.
ആദിത്യന്‍റെ അമ്മാവൻ ലോറി ഡ്രൈവറാണ്. ഇടക്ക് അമ്മാവനൊപ്പം ലോറിയിൽ പോവാറുള്ള ആദിത്യന് ഡ്രൈവിങ്ങിനെക്കുറിച്ച് അത്യാവശ്യം ധാരണയുള്ളതിനാലാണ് സമയോചിതമായി ഇടപെടാൻ കഴിഞ്ഞത്. ശ്രീഭൂതപുരം വാരിശേരി രാജേഷ്- മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ.
Adjust Story Font
16