ബസ് സ്റ്റോപ്പിൽ നിർത്തുന്നില്ല; 'മധുരപ്രതികാരവുമായി' റോഡിലിറങ്ങി വിദ്യാർഥിനികൾ
വിദ്യാർഥികളെ കണ്ടാൽ ചീറി പാഞ്ഞുപോകുന്ന തൊഴിലാളികളും ബസ് നിർത്തി മധുരം കഴിച്ചു
കോഴിക്കോട്: കോളേജിന് മുന്നിൽ ബസുകൾ നിർത്താത്തതിൽ വേറിട്ട പ്രതിഷേധവുമായി വിദ്യാർഥിനികൾ റോഡിലിറങ്ങി. കോഴിക്കോട് മാവൂർ മഹ്‌ളറ കോളേജിലെ വിദ്യാർഥികളാണ് മധുരപ്രതികാരവുമായെത്തിയത്. കോളേജ് വിട്ടാൽ പിന്നെ വീടെത്താൻ ചില്ലറ പാടല്ല മാവൂർ മഹ്‌ളറ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥിനികൾക്ക്. കോളേജിന് മുന്നിലുള്ള സ്റ്റോപ്പിൽ ബസ് നിർത്തില്ല. പലപ്പോഴും പിന്നാലെ ഓടി ബസ്സ് പിടിക്കണം. തൊട്ടപ്പുറത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ കൺസഷൻ നൽകില്ല. പരാതി പറഞ്ഞ് മടുത്തു. അങ്ങനെയാണ് വേറിട്ട രീതിയിൽ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
മധുരവുമായി വിദ്യാർഥികൾ നിരത്തിലിറങ്ങി. വിദ്യാർഥികളെ കണ്ടാൽ ചീറി പാഞ്ഞുപോകുന്ന ബസുകാരും സ്റ്റോപിൽ നിർത്തി മധുരം കഴിച്ചു. എന്നിട്ടും നിർത്താതെ കുതിച്ച് പാഞ്ഞ് പോയ ബസുകൾക്ക് നല്ല കയ്യടി നൽകി. വിദ്യാർഥികൾക്ക് പുറമെ മാവൂർ പാറമല്ലിനും കൽപ്പള്ളിക്കുമിടയിലെ ആളുകൾക്കും ഈ ബസ്റ്റോപ്പ് ആണ് ആശ്രയം.
എന്നാൽ, ഇവിടെ ബസുകൾക്ക് സ്റ്റോപ്പില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം. ഇനിയെങ്കിലും ബസുകൾ നിർത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
Adjust Story Font
16