"പ്രോഗ്രാം വൈകുന്ന വിവരം അറിയിച്ചിരുന്നെങ്കിൽ കുട്ടികൾ ക്ഷമയോടെ കാത്തുനിന്നേനെ": കുസാറ്റിലെ വിദ്യാർത്ഥി
"ഗേറ്റ് തുറക്കാൻ വൈകിയതിനാലാണ് തള്ളിക്കയറിയത്, അവർ ചെറുപ്പക്കാരല്ലേ, എങ്ങനെയും അകത്ത് കടക്കാനാണ് നോക്കിയത്": ഒരു വിദ്യാർത്ഥിയുടെ വാക്കുകൾ ഇങ്ങനെ
കൊച്ചി: മൂന്ന് സുഹൃത്തുക്കളെ ഒരുമിച്ച് നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് കുസാറ്റ്. അപകടമുണ്ടാകാനുള്ള കാരണം തള്ളിക്കയറ്റം തന്നെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സംഘാടനത്തിൽ വന്ന പിഴവാണെന്ന് വിദ്യാർഥികൾ പറയുന്നു. നികിത ഗാന്ധിയുടെ സംഗീത പരിപാടി കാണാനുള്ള ആവേശത്തിലായിരുന്നു കുട്ടികൾ. നേരത്തെ തന്നെ ഇടംപിടിക്കാനുള്ള തിരക്കിലും.
പരിപാടി വൈകുമെന്ന് അറിയാമെങ്കിൽ എന്തുകൊണ്ട് കുട്ടികളെ വിവരമറിയിച്ചില്ലെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. പ്രോഗ്രാം വൈകുമെന്ന് അറിയാമായിരുന്നെങ്കിലും തിടുക്കം കാട്ടാതെ കുട്ടികൾ ക്ഷമയോടെ കാത്തുനിൽക്കുമായിരുന്നു എന്നും വിദ്യാർഥികൾ പ്രതികരിച്ചു. കുസാറ്റിലെ ഒരു വിദ്യാർത്ഥിയുടെ വാക്കുകൾ ഇങ്ങനെ "അകത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല, എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഉള്ളിൽ അവർ എന്തോ ചെയ്യുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രോഗ്രാം വൈകുമെങ്കിൽ അക്കാര്യം വിദ്യാർത്ഥികളെ അറിയിക്കണമായിരുന്നു. അങ്ങനെയെങ്കിൽ കുറച്ചുപേരെങ്കിലും അവിടെ നിന്ന് മാറിയേനെ. ഗേറ്റ് തുറക്കാൻ വൈകിയതിനാലാണ് തള്ളിക്കയറിയത്, അവർ ചെറുപ്പക്കാരല്ലേ, എങ്ങനെയും അകത്ത് കടക്കാനാണ് നോക്കിയത്. ആരെ കുറ്റം പറയണമെന്നറിയില്ല. സംഭവിച്ചത് ദാരുണമാണ്"
അപകടത്തിൽ പെട്ടവർ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കരളിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എല്ലുകൾ ഒടിയുകയും നട്ടെല്ലിനടക്കം പൊട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16