നവകേരള സദസ്സിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കരുത്: ഹൈക്കോടതി
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആണ് കുട്ടികളെ പങ്കെടുപ്പിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
കൊച്ചി: നവകേരള സദസ്സിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വിദ്യാർഥികൾ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വിവാദമായതോടെ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കൂട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറക്കിയ ഉത്തരവും സ്‌കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. നിലമ്പൂരിൽ കുട്ടികളെ പങ്കെടുപ്പിച്ച നവകേരള സദസ്സിന്റെ വിളംബര ജാഥ നടത്തിയതിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
Adjust Story Font
16