'പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികൾ പറയുന്ന സ്ഥിതിയുണ്ട്'; നവകേരള സദസ്സിന് വിദ്യാർഥികളെ എത്തിക്കുന്നതിൽ മന്ത്രി ആർ. ബിന്ദു
മുഖ്യമന്ത്രിയെ ഉറ്റ സുഹൃത്തിനെപ്പോലെയാണ് വിദ്യാർഥികൾ കാണുന്നതെന്നും ആർ. ബിന്ദു പറഞ്ഞു.
പാലക്കാട്: നവകേരള സദസ്സിന് സ്‌കൂൾ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ വരാൻ വിദ്യാർഥികൾക്ക് താൽപര്യമുണ്ടാകും. മാധ്യമങ്ങൾക്ക് മുന്നിൽ വളരെ ജനപ്രിയമായാണ് മുഖ്യമന്ത്രിയെ അവർക്ക് കാണാൻ കഴിയുന്നത്. മുഖ്യമന്ത്രി അവരുടെ ഉറ്റ സുഹൃത്തിനെപ്പോലെയാണ്. പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികൾ പറയുന്ന സ്ഥിതിയുണ്ടെന്നും ആർ. ബിന്ദു പറഞ്ഞു.
നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ഇത് അവഗണിച്ച് വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുഞ്ഞുമനസ്സുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും സർക്കാർ സ്വീകരിച്ച തുടർനടപടികൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Adjust Story Font
16