സുബൈറിന്റെ കൊലപാതകം ആസൂത്രിതം, നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമം: പോപുലർ ഫ്രണ്ട്
രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതിൽ മുസ്‌ലിംവിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആർ.എസ്.എസ് നടത്തിയത്. ഇതിനു പിന്നാലെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്-പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ
കോഴിക്കോട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആർ.എസ്.എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് പോകവേ കാറിലെത്തിയ ആർ.എസ്.എസ് അക്രമികൾ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റാണ് സുബൈർ. കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിനു പിന്നിലുള്ള ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമമെന്നും സി.പി മുഹമ്മദ് ബഷീർ ആരോപിച്ചു.
പാലക്കാട് ജില്ലയിൽ ഉൾപ്പെടെ കേരളത്തിലുടനീളം അടുത്തിടെ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ മുസ്‌ലിം സമുദായത്തിനുനേരെ കൊലവിളി പ്രകടനങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതിൽ മുസ്‌ലിംവിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആർ.എസ്.എസ് നടത്തിയത്. ഇതിനു പിന്നാലെയാണ് പാലക്കാട് ജില്ലയിൽ സുബൈറിനെ കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Summary: Subair's murder is executed by RSS after well planning, says Popular Front state president CP Muhammed Basheer
Adjust Story Font
16