കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം; മൃതദേഹം കണ്ടെത്തി
കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്
കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് താമസിച്ചിരുന്ന മാത്യൂസ് ഭാര്യ ശര്‍മിള എന്നിവരെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരുവരും ഒളിവിലാണ്. സുഭദ്രക്ക് ഇവരുമായി അടുപ്പമുണ്ടായിരുന്നു.
ഈ വീട്ടിൽ സുഭദ്ര താമസിച്ചിരുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കഡാവർ നായയെ കൊണ്ട് പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കുഴി തുറന്ന് പരിശോധിച്ചത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.
സുഭദ്രയുടെ സ്വർണം മാത്യൂസും ശര്‍മിളയും കൈക്കലാക്കിയിരുന്നെന്നും അതേകുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. അതേസമയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
Watch Video Report
Adjust Story Font
16