ഭക്ഷണത്തിന് മതമില്ലെങ്കിൽ പിന്നെന്തിനാണ് സമരപ്പന്തലിൽ ഹലാൽ ബോർഡ്?; ഡിവൈഎഫ്‌ഐ സമരത്തിനെതിരെ പി.ബി അംഗം സുഭാഷിണി അലി
ഫുഡ് ഫെസ്റ്റിവലിൽ പന്നി ഇറച്ചി വിതരണം ചെയ്തതിന് ശശികല ടീച്ചർ, പ്രതീഷ് വിശ്വനാഥൻ തുടങ്ങിയ സംഘ്പരിവാർ നേതാക്കൾ ഡിവൈഎഫ്‌ഐ നേതൃത്വത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
ഭക്ഷണത്തിന് മതമില്ലെന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റിനെതിരെ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. സംഘപരിവാർ സഹയാത്രികനും കടുത്ത ഇടത് വിമർശകനുമായ ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സുഭാഷിണി അലിയുടെ ചോദ്യം.
ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എന്നാൽ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലെ കൗണ്ടറിൽ 'ഹലാൽ ഫുഡ്' എന്ന ബോർഡ് കാണാം. ഹലാൽ എന്നത് ഒരു ഇസ്‌ലാമികമായ ഭക്ഷണ രീതിയാണ്. ഭക്ഷണത്തിന് മതമില്ലെങ്കിൽ പിന്നെന്താണ് ഈ ബോർഡ് കൊണ്ട് ഉദ്ദേശിക്കുന്നത്?-ശ്രീജിത്ത് പണിക്കരുടെ ഈ ട്വീറ്റ് ആണ് സുഭാഷിണി അലി റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ഫുഡ് ഫെസ്റ്റിവലിൽ പന്നി ഇറച്ചി വിതരണം ചെയ്തതിന് ശശികല ടീച്ചർ, പ്രതീഷ് വിശ്വനാഥൻ തുടങ്ങിയ സംഘ്പരിവാർ നേതാക്കൾ ഡിവൈഎഫ്‌ഐ നേതൃത്വത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ബോർഡിനെതിരായ സംഘ്പരിവാർ സഹയാത്രികന്റെ വിമർശനം പോളിറ്റ്ബ്യൂറോ അംഗം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
Adjust Story Font
16