കല്ലല്ല എന്‍റെ മനസ്; ധീരജിന്‍റെ കൊലപാതകം എല്ലാവരെയും വേദനിപ്പിക്കുന്നതാണെന്ന് സുധാകരന്‍
മാതാപിതാക്കളുടെ മനസിലെ വേദന ഉൾക്കൊള്ളാൻ കഴിയും. ഒരുപാട് പേരുടെ ദുഃഖം അറിയുന്നവനാണ് ഞാൻ
ധീരജിന്‍റെ കൊലപാതകം എല്ലാവരെയും വേദനിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. മാതാപിതാക്കളുടെ മനസിലെ വേദന ഉൾക്കൊള്ളാൻ കഴിയും. ഒരുപാട് പേരുടെ ദുഃഖം അറിയുന്നവനാണ് ഞാൻ. കല്ലല്ല എന്‍റെ മനസ്. മനുഷ്യത്വം ആഴത്തിൽ കാത്തുസൂക്ഷിക്കുന്ന ആളാണ്. തന്നെ പ്രതിക്കൂട്ടിലാക്കാൻ സി.പി.എം ശ്രമം നടത്തുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
അക്രമം കൊണ്ട് കോളജിൽ പിടിച്ചു നിൽക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ. മരണത്തിൽ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. കുടുംബത്തെ തള്ളിപ്പറയില്ല. വീട്ടിൽ പോകണമെന്നുണ്ട്, പക്ഷെ സാധിക്കില്ല. വീട്ടുപറമ്പിൽ സംസ്കരിക്കാനായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹം. സ്ഥലം വാങ്ങി സംസ്കാരം ആഘോഷമാക്കുകയാണ് സി.പി.എം ചെയ്തത്. ആഘോഷം തിരുവനന്തപുരത്തും നടന്നു.
മോർച്ചറിക്ക് മുന്നിൽ പൊട്ടിച്ചിരിച്ച എം.എം മണി ദയാലുവായ മഹാനുഭാവൻ. എന്നെ പ്രതിയാക്കാനുള്ള ശ്രമമൊന്നും വിലപ്പോവില്ല. കെ.എസ്.യുവിന് സംരക്ഷണം നൽകാൻ പ്രാദേശിക യൂത്ത് കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്. കാമ്പസിൽ ഉച്ചക്ക് പുറത്തു നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. ഓടിയ നിഖിൽ പൈലിയെ വളഞ്ഞിട്ടു. ആരാണ് കുത്തിയതെന്ന് ആർക്കും പറയാൻ പറ്റുന്നില്ല. ഉത്തരവാദിത്തം എങ്ങനെ കെ.എസ്.യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും ഭാഗത്താകും. ഗുരുതര പരിക്കേറ്റയാൾ അവിടെ കിടക്കട്ടെയെന്ന് എന്തുകൊണ്ടാണ് പൊലീസ് പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കാത്തതിന് പൊലീസും സർക്കാരും മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ ഗാന്ധിജി സ്റ്റാച്യുവിന്‍റെ തല വരെ അടിച്ചു തകർത്തു. കൊലപാതകം ആഘോഷിക്കുന്നതിന് പിറകിലെ സന്തോഷം എന്താണ്? ഒരു ഇര കിട്ടിയെന്നതാണ് സന്തോഷം.പി.ജയരാജനെ പുകഴ്ത്തി പാട്ടുപാടി. അതിൽ സി.പി.എം എടുത്ത സമീപനം പിണറായി വിജയനോട് കാണിക്കുമോ? ധീരജ് വധത്തിൽ സത്യം പുറത്തു പറഞ്ഞ എസ്.പിയെ സി.പി.എം ഭീഷണിപ്പെടുത്തിയെന്നും സുധാകരന്‍ ആരോപിച്ചു.
Adjust Story Font
16