ഇടുക്കി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത യുവതി ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായി കുടുംബം
സ്ത്രീധന കേസുകൾ വിവാദമായ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ഗാർഹിക പീഡനക്കുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി മാട്ടുക്കട്ടയിൽ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത യുവതി ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായി യുവതിയുടെ കുടുംബം. വിവാഹ സമയത്ത് 27 പവൻ സ്വർണവും 2 ലക്ഷം രൂപയും നൽകിയിരുന്നു. കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. ആദ്യഘട്ടത്തിൽ പോലീസ് കേസ് അന്വേഷിക്കാൻ തയ്യാറായില്ലെന്നും ധന്യയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശി അമൽ ബാബുവിന്റെ ഭാര്യയേയാണ് മാർച്ച് 29 നാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. മകളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതിനിടയിലാണ് മരണ വാർത്ത കുടുംബത്തെ തേടിയെത്തിയത്. സംസ്കാര ചടങ്ങിൽ ഭാര്യയുടെ മൃതദേഹം അവസാനമായി ഒന്ന് കാണാൻ പോലും അമലോ കുടുംബാംഗങ്ങളോ എത്തിയില്ല.
സ്ത്രീധന കേസുകൾ വിവാദമായ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ഗാർഹിക പീഡനക്കുറ്റം ചുമത്തി അമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ആദ്യ ഘട്ടത്തിൽ കേസ് ഒതുക്കിത്തീർക്കാനുള്ള നീക്കം നടന്നിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
2019 നവംബർ 9 നാണ് അമലും ധന്യയും വിവാഹിതരായത്. ഇവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി ധന്യയുടെ വീട്ടുകാരുടെ സംരക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതി അമലിനെ റിമാൻഡ് ചെയ്തിരുന്നു.
Adjust Story Font
16