ട്രെയിൻ തട്ടി യുവതിയുടെ മരണം: ഭർത്താവിനും കുടുംബത്തിനും ബന്ധമുണ്ടെന്ന് ആരോപണം
വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ടും അവിഹിതബന്ധങ്ങൾ ആരോപിച്ചും മകളെ ഭർത്താവും കുടുംബവും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു
തിരുവനന്തപുരം: യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി ശരണ്യയുടെ മരണത്തിലാണ് ഭർത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ ശരണ്യയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവദിവസം എന്നത്തെയുംപോലെ ഭർത്താവിന്റെ വീട്ടിൽനിന്ന് ഐ.ഇ.എൽ.ടി.എസ് കോച്ചിങ് ക്ലാസിനായി ഇറങ്ങിയതാണ് ശരണ്യ. എന്നാൽ, കോച്ചിങ്് സെന്ററിന് പകരം വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്കാണ് പോയത്. അവിടെനിന്ന് ഇറങ്ങിയ ശരണ്യയെ ശേഷം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലാണ് ബന്ധുക്കൾ കണ്ടെത്തുന്നത്.
ഏഴുമാസംമുൻപാണ് മണമ്പൂർ സ്വദേശികളായ ശശാങ്കൻ-അജിത ദമ്പതികളുടെ മകൾ ശരണ്യയുടെയും കൊല്ലം പരവൂർ സ്വദേശി വിനോദിന്റെയും വിവാഹം നടന്നത്. ശരണ്യയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ടും അവിഹിതബന്ധങ്ങൾ ആരോപിച്ചും ശരണ്യയെ വിനോദും കുടുംബവും ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിനു തലേദിവസം ശരണ്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായും റിപ്പോർട്ടുണ്ട്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കടയ്ക്കാവൂർ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16