എൻ.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ രാജിക്കായി പ്രതിഷേധം
പ്രതിസന്ധിയിലായി വയനാട് കോൺഗ്രസ് പാർട്ടി
വയനാട്: ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ അവസാന കുറിപ്പുകൾ കൂടി പുറത്തുവന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് വയനാട്ടിലെ കോൺഗ്രസ് പാർട്ടിയും പ്രധാന നേതാക്കളും. എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം കടുപ്പിച്ചു. കത്തിൻ്റെ വെളിച്ചത്തിൽ കേസിൽ പൊലീസ് കൂടുതൽ വകുപ്പുകൾ ചേർത്തേക്കും. നേതാക്കളെ ചോദ്യംചെയ്യാൻ സാധ്യതയേറുമ്പോൾ ഡിസിസി പ്രസിഡൻ്റടക്കമുള്ളവരുടെ പ്രതിരോധവും ദുർബലമാണ്.
ഡിസിസി പ്രസിഡന്റ് ആയിരിക്കെ നിലവിലെ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ കോഴ വാങ്ങി എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് വിജയനെഴുതിയ അവസാന കത്തിലെ പരാമർശങ്ങൾ. വിവരങ്ങൾ പുറത്തുവന്നതോടെ തന്നെ സിപിഎം സമരമാരംഭിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനു പിന്നാലെ സുൽത്താൻബത്തേരി നഗരത്തിൽ സിപിഎം ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ കോലം കത്തിച്ചു.
ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കും വരെ സമരം തുടരുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി നാളെ വയനാട്ടിൽ നൈറ്റ് മാർച്ച് നടത്തും. അതേസമയം സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു ഡിസിസി പ്രസിഡൻറ് എൻ.ഡി അപ്പച്ചന്റെ പ്രതികരണം.
ബാങ്ക് നിയമനത്തിന് ഐ.സി ബാലകൃഷ്ണനും നേതാക്കളും പണം വാങ്ങിയെങ്കിലും ബാധ്യത തൻ്റെ മാത്രം ചുമലിലായെന്നാണ് കത്തിലെ പരാമർശം. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പാർട്ടിയും നേതാക്കളും മാത്രമാണുത്തരവാദിയെന്നും മരണം ഉറപ്പിച്ച് കുടുംബത്തിന് എഴുതിയ കത്തിൽ എൻ.എം വിജയൻ പറയുന്നു.
Adjust Story Font
16