Quantcast

'ഉമ്മൻചാണ്ടിക്ക് എതിരെയാണ് എന്നതായിരുന്നു എന്‍റെ ഏക ആശ്വാസം; ഞാന്‍ അപമാനിക്കപ്പെടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു'

2011ൽ പുതുപ്പള്ളിയിൽ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന സുജ സൂസൻ ജോർജിനെതിരെ 33,255 എന്ന വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു ഉമ്മൻചാണ്ടി തെരഞ്ഞെടുക്കപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-07-18 08:05:52.0

Published:

18 July 2023 7:49 AM GMT

Suja Susan George commemorates Oommen Chandy
X

ഉമ്മന്‍ചാണ്ടി, സുജ സൂസന്‍ ജോര്‍ജ്

കോഴിക്കോട്: നൂറുതവണ ആലോചിച്ചാണ് ഉമ്മൻചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതെന്ന് 2011ൽ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സുജ സൂസൻ ജോർജ്. ഉമ്മൻചാണ്ടിക്കെതിരെയാണല്ലോ മത്സരം എന്നതു മാത്രമായിരുന്നു എന്റെ ആശ്വാസം. പ്രചാരണത്തിനിടയിൽ അപമാനിക്കപ്പെടില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും സുജ സൂസൻ.

സ്‌നേഹവാനും ആദരണീയനുമായ പ്രതിയോഗിക്ക് ആദരാഞ്ജലികളെന്ന് സുജ ഫേസ്ബുക്കിൽ കുറിച്ചു. 'ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാൻ നിയുക്തയായപ്പോൾ നൂറുതവണ ആലോചിച്ചാണ് സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത്. ഉമ്മൻചാണ്ടിക്കെതിരെയാണല്ലോ എന്നത് മാത്രമായിരുന്നു ആ മത്സരത്തിലെ എന്റെ ഏക ആശ്വാസം. കാരണം എനിക്കുറപ്പായിരുന്നു, തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഞാൻ അപമാനിക്കപ്പെടില്ലെന്ന്. അനുസ്മരിക്കാൻ ഒരുപാടുണ്ട്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് കണ്ണീരോടെ വിട'-സുജ സൂസൻ കുറിച്ചു.

സി.പി.എം സ്ഥാനാർത്ഥിയായാണ് സുജ സൂസൻ ജോർജ് ഉമ്മൻചാണ്ടിയെന്ന കരുത്തനെതിരെ പുതുപ്പള്ളിയിൽ ജനവിധി തേടിയത്. 33,255 എന്ന വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഉമ്മൻചാണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇഞ്ചോടിഞ്ചുപോരാട്ടത്തിനൊടുവിൽ 68നെതിരെ 72 സീറ്റുമായി യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുകയും ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ ഉമ്മൻചാണ്ടിക്ക് രണ്ടാമൂഴവുമായിരുന്നു അത്.

പി.സി ചെറിയാൻ, എം.ആർ.ജി പണിക്കർ, തോമസ് രാജൻ, വി.എൻ വാസവൻ, റെജി സക്കറിയ, ചെറിയാൻ ഫിലിപ്പ്, സിന്ധു ജോയ്, ജെയ്ക്ക് സി. തോമസ് എന്നിവരായിരുന്നു പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ തളയ്ക്കാനുള്ള അതിസാഹസികദൗത്യം മറ്റു സ്ഥാനാർത്ഥികൾ.

Summary: 'My consolation was that the contest was against Oommen Chandy; I was sure that I would not be humiliated in the election campaign'; Commemorates Suja Susan George, was the LDF candidate in Pudupally in 2011

TAGS :

Next Story