കുതിച്ച് പാഞ്ഞ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് പിന്നിട്ടു
പീക്ക് സമയ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. 11.01 കോടി യൂണിറ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിട്ടു. ഉയര്‍ന്ന ആവശ്യകത വൈദ്യുതി വിതരണ ശൃംഖലയെ താറുമാറാക്കുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.
ചൂടിന് ഒരു ശമനവുമില്ല. പകലെന്ന പോലെ രാത്രിയും ചുട്ടുപൊള്ളുന്നു. അതിനനുസരിച്ച് ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ എന്ന അഭ്യര്‍ത്ഥനയൊക്കെ കെഎസ്ഇബി മുന്നോട്ട് വെച്ചെങ്കിലും വിയര്‍ത്തൊലിക്കുന്ന ജനം എവിടെ കേള്‍ക്കാന്‍.
ഈ മാസം 6ന് രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റെന്ന മൊത്ത വൈദ്യുതി ഉപഭോഗം എട്ടാം തീയതി മറികടന്നത് 11 കോടി യൂണിറ്റ് പിന്നിട്ടെന്ന ചരിത്രവുമായിട്ടാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത കൂടുന്നതാണ് കെഎസ്ഇബിക്ക് തലവേദന. 5487 മെഗാവാട്ടെന്ന സര്‍വകാല റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസത്തെ പീക്ക് ആവശ്യകത.
വൈകുന്നേരം 8 മണി മുതല്‍ രാത്രി 2 മണിവരെ യൂണിറ്റിന് 10 രൂപ നല്‍കിയാണ് ബോര്‍ഡ് പവര്‍കട്ട് ഒഴുവാക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുന്നത്. മെയ് 31 വരെ 500 മെഗാവാട്ട് കൂടി അധികമായി വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഇത് 12 ാം തീയതി തുറക്കും. പുറത്ത് നിന്ന് അധികമായി വൈദ്യുതി വാങ്ങി കെഎസ്ഇബിയുടെ സാമ്പത്തികനില തകര്‍ന്നടിഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 767 കോടി രൂപയില്‍ നിന്നാണ് ശമ്പളവും പെന്‍ഷനും കൊടുക്കാനായത്. 15 തീയതിക്ക് ശേഷം ചൂട് കുറയുമെന്ന കാലാവസ്ഥാ പ്രവചനത്തിലാണ് കെഎസ്ഇബി പ്രതീക്ഷ വെക്കുന്നത്.
Adjust Story Font
16