Quantcast

വേനല്‍ കനത്തു; സംസ്ഥാനത്ത് വൈദ്യുത ഉപഭോഗവും കൂടി

കഴിഞ്ഞ ദിവസം 86.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്

MediaOne Logo

Web Desk

  • Published:

    9 March 2023 1:30 AM GMT

power consumption
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗവും കൂടി. കഴിഞ്ഞ ദിവസം 86.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത്തവണ സര്‍വ്വകാല റെക്കോഡ് ഉപയോഗമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങാന്‍ കൊള്ള നിരക്ക് നല്‍കേണ്ടി വരുമെന്നതിനാല്‍ പീക്ക് സമയത്തെ വൈദ്യുത ഉപയോഗം പരമാവധി കുറക്കണമെന്നും കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കേരളത്തിലെ സര്‍വ്വകാല റെക്കോര്‍ഡ്. അന്ന് ചൂട് 42 ഡിഗ്രി. ഇന്നിപ്പോള്‍ മാര്‍ച്ച് ആയപ്പോഴേ പലയിടത്തെയും താപനില 40 ഡിഗ്രി പിന്നിട്ടു. പീക്ക് സമയമായ രാത്രി 7 മുതല്‍ 11 മണിവരെയാണ് സംസ്ഥാനത്ത് വൈദ്യുതി കൂടുതലായി വേണ്ടി വരുന്നത്. ഡാമുകളില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പാദനം കൊണ്ട് വൈദ്യുതി ആവശ്യങ്ങള്‍ നേരിടാനാകില്ല. പീക്ക് സമയത്തേക്കായി വിവിധ കരാര്‍ പ്രകാരം പുറത്തു നിന്ന് വൈദ്യുതി എത്തിക്കുന്നുണ്ട്.

മാര്‍ച്ച് 7ലെ പീക്ക് സമയത്തെ ആവശ്യം 4284 മെഗാ വാട്ടായിരുന്നു. ഉപയോഗം കൂടിയാല്‍ കൂടിയ വിലക്ക് വൈദ്യുതി അധികമായി വാങ്ങേണ്ടി വരും. ഇങ്ങനെ വില്‍ക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കി. അതുകൊണ്ട് പീക്ക് സമയത്ത് വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഡാമുകളില്‍ കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും കുറവ് ജലമാണുള്ളത്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 47.61 ശതമാനേ വെള്ളമുള്ളു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 70 ശതമാനം വെള്ളമുണ്ടായിരുന്നു.



TAGS :

Next Story