'സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യും'; കാന്തപുരത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സമസ്ത ഇ.കെ വിഭാഗം
സമസ്തയുടെ ഇരു വിഭാഗങ്ങളും ഒന്നിച്ചുപോകാൻ അതിയായ ആഗ്രഹമുണ്ടെന്നും ആരാണ് തടസ്സം നിൽക്കുന്നതെന്ന് അറിയില്ലെന്നും കാന്തപുരം അഭിമുഖത്തിൽ പറഞ്ഞിരുന്നു
കോഴിക്കോട്: സമസ്ത ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണെന്നും സുന്നികളുടെ ഐക്യത്തിന് വേണ്ടിയുള്ള വ്യവസ്ഥാപിതമായ ഏത് നിർദേശവും സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം). സുന്നി ഐക്യം വേണമെന്ന മീഡിയവൺ അഭിമുഖത്തിലെ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സമസ്തയുടെ പ്രതികരണം. പ്രസിഡൻറ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാരും വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമസ്ത നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും കുറിപ്പിൽ പറഞ്ഞു.
സമസ്തയുടെ ഇരു വിഭാഗങ്ങളും ഒന്നിച്ചുപോകാൻ അതിയായ ആഗ്രഹമുണ്ടെന്നും ആരാണ് തടസ്സം നിൽക്കുന്നതെന്ന് അറിയില്ലെന്നും കാന്തപുരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ താൻ ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഏക സിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്നും പറഞ്ഞു.
അതേസമയം, മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാന്തപുരം വിഭാഗവും മുസ്‌ലിം ലീഗും അകൽച്ചയിലായിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ കാന്തപുരം പങ്കെടുത്തിരുന്നു. മുസ്‌ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്നാണ് തന്റെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു.
Sunni Unity; Kanthapuram AP Abubakar Musliyar's statement was welcomed by Samstha EK section
Adjust Story Font
16