സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി
ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും
തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും. ഓണം ഫെയറില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ സാധനങ്ങളും ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
കണ്ടെയ്നറില്‍ റോഡ് മാര്‍ഗം സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത് വൈകിയതാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ആന്ധ്രയില്‍ നിന്ന് ജയ അരിയും മുളകും ഇന്നെത്തും. കടലയും മറ്റ് ഉല്‍പന്നങ്ങളും രാജസ്ഥാനടക്കമുള്ള സംസ്ഥാനത്ത് നിന്ന് എത്തുന്നതോടെ കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റിലും അവശ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഡിമാന്‍റ് കൂടുതലുള്ള സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് അടുത്ത സ്റ്റോക്ക് എത്തിക്കാനുള്ള ക്രമീകരണം വേഗത്തിലാക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയോടെ സബ്സിഡിയുള്ള എല്ലാ അവശ്യസാധനങ്ങളും ഔട്ട്ലെറ്റുകളില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വാങ്ങാനെത്തിയവര്‍ പകുതിപോലും സാധനങ്ങള്‍ വാങ്ങാനാവാതെയാണ് മടങ്ങിയത്.
വലിയതുറയിലെ ഗോഡൌണില്‍ നിന്ന് ജില്ലയിലെ ഔട്ട്ലെറ്റുകളില്‍ ചില സാധനങ്ങള്‍ രണ്ട് തവണയായി എത്തിച്ചിരുന്നു. എല്ലാ ജില്ലകളിലും ഓണം ഫെയര്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെയറുകളില്‍ വലിയ ജനത്തിരക്കുള്ളതുകൊണ്ട് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് മികച്ച വരുമാനമാണ് ഓണം ഫെയര്‍ മേളയില്‍ നിന്ന് വകുപ്പിന് ലഭിച്ചത്.
Adjust Story Font
16