'ഈ സദസ് ആരെ കബളിപ്പിക്കാൻ'; നവകേരള സദസ്സ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മമാങ്കമെന്ന് സുപ്രഭാതം
സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും വിമർശനമുണ്ട്.
കോഴിക്കോട്: നവകേരളാ സദസിനെതിരെ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഈ സദസ് ആരെ കബളിപ്പിക്കാൻ എന്ന തലകെട്ടിലാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ. നവകേരളാ സദസ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കൺകെട്ട് വിദ്യയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചാണ് മുഖ പ്രസംഗം. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും വിമർശനമുണ്ട്. എംഎൽഎമാർ പങ്കെടുക്കാത്ത സദസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മമാങ്കമെന്നാണ് സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നത്. നവ കേരള സദസ്സുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ലേഖനവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"നിയോജക മണ്ഡലങ്ങൾ ചുറ്റി പരാതി കേൾക്കാൻ ഇറങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷ്യമിടുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് ഈ കണ്‍കെട്ട് വിദ്യ. പെൻഷനും ആനുകൂല്യങ്ങളും നേരത്തേ വിതരണം ചെയ്തിട്ട് മതിയായിരുന്നു ജനങ്ങളുടെ പരാതി കേൾക്കാനുള്ള നാടുചുറ്റൽ എന്ന വിമർശനത്തിന് കഴമ്പില്ലാതെയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ഒരു കോടി മുടക്കിയാണ് ആഡംബര ബസ് തയ്യാറാക്കിയിരിക്കുന്നത്. ഇനി ഒരു മാസം ഭരണം ഈ ബസിലിരുന്നാണ്" എഡിറ്റോറിയലിൽ പറയുന്നു.
Adjust Story Font
16