അറസ്റ്റ് നീണ്ടത് ദിവ്യക്ക് കവചമൊരുക്കാൻ; സിപിഎമ്മിനും പൊലീസിനും വിമർശനവുമായി സമസ്‌ത മുഖപത്രം
ബന്ധുക്കൾ എത്തുന്നതിനു മുമ്പ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് സംശയാസ്‌പദമാണെന്നും സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ
മലപ്പുറം: എഡിഎമ്മിൻ്റെ മരണത്തിൽ സി.പി.എമ്മിനും പൊലീസിനുമെതിരെ രൂക്ഷ വിമർശവുമായി സമസ്‌ത മുഖപത്രം. പൊലീസും സിപിഎമ്മും കവചമൊരുക്കിയതിനാലാണ് പി പി ദിവ്യയുടെ അറസ്റ്റ് നീണ്ടത്. ദിവ്യക്ക് അനുകൂലമായി കലക്‌ടറെ കൊണ്ട് മൊഴി മാറ്റിച്ചു. ബന്ധുക്കൾ എത്തുന്നതിനു മുമ്പ് ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കിയത് സംശയാസ്‌പദമാണെന്നും, സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ.
ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നടപടികൾ സാധാരണക്കാർക്കിടയിൽ വിശ്വാസ്യത നഷ്‌ടപ്പെടാൻ ഇടയാക്കുമെന്നും എഡിറ്റോറിയലിൽ പറയുന്നു. ദിവ്യ അറസ്റ്റിലായെങ്കിലും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ തീരുന്നില്ലെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ദിവ്യക്ക് അനുകൂലമായി കലക്ടറെക്കൊണ്ട് മൊഴി മാറ്റിച്ചതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.
ദിവ്യയുടെ ആരോപണങ്ങളും അഴിമതി പരാതികളും വ്യക്തമായി തെളിയിക്കാത്തപക്ഷം, ഉയരുന്ന ആക്ഷേപങ്ങൾ ശരിവെക്കുന്ന തരത്തിൽ നവീൻ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം സി.പി.എം വനിതാ നേതാവിനുമേൽ തന്നെ നിൽക്കുമെന്നും എഡിറ്റോറിയലിൽ പറയുന്നുണ്ട്. കേരളത്തിന്റെ മനഃസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് എന്തുകൊണ്ടാണ് സി.പി.എം തിരിച്ചറിയാതെ പോകുന്നത് എന്തുകൊണ്ടാണെന്നും ചോദ്യം ഉന്നയിക്കുന്നു.
Adjust Story Font
16