Quantcast

ജിഷ വധക്കേസ്: ജയിൽ മാറ്റണമെന്ന അമീറുൽ ഇസ്‌ലാമിന്റെ ഹരജിയിൽ കേരളത്തിനും അസമിനും നോട്ടീസ്

നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ഇരു സംസ്ഥാനങ്ങളോടും സുപ്രിംകോടതി നിർദേശിച്ചു.

MediaOne Logo

Web Desk

  • Published:

    5 Dec 2022 12:41 PM GMT

ജിഷ വധക്കേസ്: ജയിൽ മാറ്റണമെന്ന അമീറുൽ ഇസ്‌ലാമിന്റെ ഹരജിയിൽ കേരളത്തിനും അസമിനും നോട്ടീസ്
X

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാം ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കേരളത്തിനും അസമിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ഇരു സംസ്ഥാനങ്ങളോടും സുപ്രിംകോടതി നിർദേശിച്ചു.

അമീറുൽ ഇസ്‌ലാമിനെ നിലവിലെ ജയിൽചട്ടപ്രകാരം അസമിലേക്ക് മാറ്റാനാവില്ലെന്ന് സുപ്രിംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2014-ലെ ജയിൽ ചട്ടങ്ങൾ കൂടി ചോദ്യം ചെയ്തുള്ള രേഖകൾ അമീറുൽ ഇസ്‌ലാം സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് രണ്ട് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചത്.

2014-ലെ ജയിൽചട്ടത്തിലെ 587-ആം വകുപ്പ് പ്രകാരം വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാവില്ലെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണെന്നാണ് അമീറുൽ ഇസ്‌ലാമിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ കെ. പരമേശ്വർ, ശ്രീറാം പറക്കാട്, സതീഷ് മോഹനൻ എന്നിവരാണ് അമീറുൽ ഇസ്‌ലാമിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.

TAGS :

Next Story