ശബരിമല മേൽശാന്തി നിയമനം; ദേവസ്വം ബോർഡിനും സർക്കാറിനും സുപ്രിംകോടതി നോട്ടീസ്
മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തതിനെതിരെ നൽകിയ ഹരജിയിലാണ് നോട്ടീസ്.
ഡൽഹി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയുടെ ഇടപെടൽ. എതിർകക്ഷികളായ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും കോടതി നോട്ടീസയച്ചു. ഹരജിക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചു.
അവർണ വിഭാഗത്തിലെ ശാന്തിക്കാരായ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവരാണ് ഹരജിക്കാർ. നിയമ സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ മോഹൻ ഗോപാൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായി. ശബരിമല മേൽശാന്തി തസ്തികയിലേക്കുള്ള ഹരജിക്കാരുടെ അപേക്ഷകൾ 'മലയാള ബ്രാഹ്മണൻ' അല്ല എന്ന കാരണത്താൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളിയിരുന്നു. ഈ നടപടി വിവേചനമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി തുടങ്ങിയത്.
ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ തൃശൂർ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തിയായ സിജിത്ത് സംസ്‌കൃതത്തിൽ രണ്ട് എം.എ ബിരുദം നേടിയിട്ടുണ്ട്. സി.വി. വിഷ്ണുനാരായണനും സംസ്‌കൃത സാഹിത്യത്തിൽ ബിരുദാനനന്തര ബിരുദധാരിയാണ്.
Adjust Story Font
16