ലാവലിൻ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും; ഹരജി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ
നേരത്തെ പല തവണ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല
തിരുവനന്തപുരം: എസ്എൻസി ലാവലിൻ ഇടപാടിൽ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക. എന്നാൽ ഭരണഘടന ബഞ്ചിലെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പല തവണ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിംകോടതിയിൽ എത്തിയിരിക്കുന്നത്. 2017ലാണ് ലാവലിൻ കേസ് സുപ്രിം കോടതിയിൽ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിൽ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും.
പ്രധാന രാഷ്ട്രീയ നേതാക്കൾ പ്രതിയാക്കുന്ന കേസുകൾ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിം കോടതി തന്നെ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ലാവലിൻ കേസിനെ ഇത് ബാധിച്ചിരുന്നില്ല. 1995ൽ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
Adjust Story Font
16