ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ കേസ്; കത്തിനശിച്ച നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി
പണത്തെപ്പറ്റി അറിയില്ലെന്നും ഗൂഢാലോചനയുണ്ടെന്നും യശ്വന്ത് വർമ

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ചീഫ് ജസ്റ്റീസ് നൽകിയ റിപ്പോർട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ ആവശ്യപ്പെടുന്നു.
ഹോളി ദിനത്തിലാണ് ജഡ്ജിയുടെ വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിത്. ഈ സംഭവത്തിലാണ് സുപ്രിം കോടതി വിശദമായ റിപ്പോർട്ട് പുറത്തു വിട്ടത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയ ഡൽഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ടാണ് സുപ്രിംകോടതി പുറത്തുവിട്ടത്. കത്തിയ നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. അതേസമയം, പണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
എന്നാൽ റിപ്പോർട്ടിനെ തള്ളിയ യശ്വന്ത് വർമ്മ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നോട്ടിനെ കുറിച്ച് അറിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. തീപിടിത്തം ഉണ്ടായ മുറി സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്നതാണെന്നും തനിക്കോ കുടുംബാംഗങ്ങൾക്കോ ഇത് സംബന്ധിച്ച് വിവരം ഇല്ലെന്നും വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാർ ഉൾപ്പെട്ട മൂന്നംഗ സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി സുപ്രിംകോടതി നിയോഗിച്ചിട്ടുണ്ട്.
Adjust Story Font
16