സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി: ബഫർസോൺ വിധിയിൽ ഇളവ് വരുത്തി സുപ്രിംകോടതി
ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും
ന്യൂഡല്‍ഹി: ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രിംകോടതി. ബഫർ സോണുമായി ബന്ധപ്പെട്ട് ജൂൺ മൂന്നിലെ ഉത്തരവിലാണ് കോടതി ഭേദഗതി വരുത്തിയത്. സമ്പൂർണ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ക്വാറി, ഖനനം, വൻകിട നിർമ്മാണം എന്നിവയ്ക്ക് നിയന്ത്രണം തുടരും. ജന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കന്നുകാലി വളർത്തൽ, മത്സ്യ കൃഷി തുടങ്ങി ജനങ്ങളുടെ ഉപജീവനമാർഗത്തെ ബഫർ സോൺ ബാധിക്കില്ല എന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രിംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞു. ഇതിനെതിരെ കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വന മേഖലകളിൽ വലിയ പ്രതിഷേധം ഉണ്ടായി. പിന്നാലെ കേന്ദ്ര സർക്കാരും കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സുപ്രിംകോടതിയെ സമീപിക്കുകയും വിധി ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉയർത്തിയ ആശങ്കകൾ പരിഗണിച്ച ശേഷമാണ് കോടതി ഭേദഗതികൾ നിർദേശിച്ചത്. സ്ഥിരം നിർമിതികൾക്കുള്ള നിയന്ത്രണം നീക്കിയെന്നും സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയത്തിന് കിട്ടിയ അംഗീകാരമാണ് വിധി എന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Adjust Story Font
16