ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്
ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും. ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തേ ലിസ്റ്റ് ചെയ്തിരുന്നത്.
സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളിലെ വാദമാണ് ഭരണഘടനാ ബെഞ്ചില്‍ നടക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു ഹരജികൾ പരിഗണിക്കൂ എന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു.
ഹരജികൾ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹരജിക്കാരിൽ ഒരാളായ ടി.പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് സെപ്തംബർ 13ലെ പട്ടികയിൽ നിന്ന് ഹരജികൾ നീക്കരുതെന്നു ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു.
2017 ആഗസ്റ്റ് 23നാണ് ലാവ്‍ലിന്‍ കേസിൽ പിണറായി വിജയൻ, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹരജികള്‍ മാറ്റിവെച്ചത്.
പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐയുടെ വാദം.
Adjust Story Font
16