'എം.പി എന്ന നിലയ്ക്ക് ചെയ്തത് തള്ളാണെന്ന് ചില പന്നന്മാർ പറയുന്നു, ചെയ്തതിനൊക്കെ രേഖയുണ്ട്': സുരേഷ് ഗോപി
"രണ്ട് വര്‍ഷമാണ് എന്നെ വലിപ്പിച്ചത്. 2018ല്‍ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്. എല്ലാം ചെയ്യാം. ചെയ്യാന്‍ പണവുമുണ്ട്. ചെയ്യാന്‍ സമ്മതിക്കേണ്ടെ?"
എംപി എന്ന നിലയ്ക്ക് താനൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം തള്ളാണെന്നും ചിലര്‍ പറഞ്ഞുനടക്കുന്നുവെന്ന് സുരേഷ് ഗോപി. ചെയ്തതിനൊക്കെ രേഖയുണ്ട്. എംപി ഫണ്ടുണ്ടായിട്ടും പലതും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും സുരേഷ് ഗോപി രോഷാകുലനായി പറഞ്ഞു.
'എംപി എന്ന നിലയ്ക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. അത് നിങ്ങളാരും പ്രചരിപ്പിച്ചിട്ടില്ല. പക്ഷേ അതെല്ലാം തള്ളാണെന്ന് ചില പന്നന്മാർ പറഞ്ഞുനടക്കുന്നു. ഞാൻ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം' – തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റുണ്ടായ പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു എംപി.
"ഗര്‍ഭിണികളെ തുണിയില്‍ മുളയില്‍ കെട്ടിക്കൊണ്ടുപോയ ആദിവാസികള്‍ക്ക് റോഡ് പണിതുകൊടുത്ത് ഉദ്ഘാടനം ചെയ്തിട്ടാണ് ഞാനിങ്ങോട്ട് വന്നത്. 47 ലക്ഷം രൂപയ്ക്കാണ് റോഡ് പണിതുകൊടുത്തത്. രണ്ട് വര്‍ഷമാണ് എന്നെ വലിപ്പിച്ചത്. 2018ല്‍ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്. എല്ലാം ചെയ്യാം. ചെയ്യാന്‍ പണവുമുണ്ട്. ചെയ്യാന്‍ സമ്മതിക്കേണ്ടെ?"- സുരേഷ് ഗോപി ചോദിച്ചു.
"കുട്ടനാട്ടിലെ കര്‍ഷകര്‍ 10000 ഹെക്ടര്‍ നെല്ലാണ് കത്തിച്ചുകളഞ്ഞത്. ഒരു ബ്രിഡ്ജിന് 1 കോടി 70 ലക്ഷം രൂപയ്ക്ക് 2017ല്‍ എഴുതിക്കൊടുത്ത് തുടങ്ങിയത് രണ്ടരക്കോടിയായി, മൂന്നരക്കോടിയായി, 4.70ന് അവസാനം ഒപ്പിച്ചുകൊടുത്തതു പോലും നടത്താന്‍ സമ്മതിക്കുന്നില്ല സാര്‍. ചെയ്യാന്‍ സമ്മതിക്കാത്തതിനും തെളിവുണ്ട്. പഴയ ജില്ലാ കലക്ടര്‍ വാസുകി മാഡം വരെ തെളിവാണ്. അവരൊക്കെ ഉത്തരം പറയണം. അനുപമയ്ക്ക് അറിയാം. ആലപ്പുഴ ജില്ലയില്‍ മാറിമാറി വന്ന നാല് കലക്ടര്‍മാര്‍ക്കറിയാം.1 കോടി 70 ലക്ഷം രൂപയ്ക്ക് തുടങ്ങിയ ബ്രിഡ്ജ് ആരില്ലാതാക്കി? അവര്‍ പറയട്ടെ'- സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ ഒല്ലൂര്‍ എസ്ഐയെ വിളിച്ചിറക്കി സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചത് വിവാദമായി. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്.
"സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്‍റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതുതനിയെ ചികിത്സിച്ചാ മതി. വളരെ സൌമ്യമായാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. സാര്‍ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്‍റെ മുന്‍പിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്‍റെ വണ്ടിയാണെന്നാണ് ഞാന്‍ കരുതിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ മരം വെട്ടിയിട്ടത് മാറ്റാന്‍ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഒല്ലൂര്‍ പൊലീസിന്‍റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്ഐയോ സിഐയോ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്ഐ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു.. ഞാന്‍ എംപിയാണ്, എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്. സൌമ്യമായാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാന്‍ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍റെ രാജ്യസഭാ ചെയര്‍മാനെ അറിയിക്കൂ. അദ്ദേഹമാണെന്‍റെ ലീഡര്‍"- എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
Adjust Story Font
16